ഇന്ത്യൻ ടീമിലിടം നേടണം സഞ്ജു എനിക്ക് എന്നും സപ്പോർട്ട്!! പ്ലാനുകൾ വെളിപ്പെടുത്തി താരം

മൈതാനത്തെ ചില പെരുമാറ്റങ്ങൾ കൊണ്ടും മോശം പ്രകടനം കൊണ്ടും ഏറെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയനായിട്ടുള്ള കളിക്കാരനാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഓൾറൗണ്ടറായ റിയാൻ പരാഗ്. കഴിഞ്ഞ നാല് സീസണുകളിലായി ഈ അസം താരം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് കളിക്കുന്നത്. ഐപിഎൽ 2023 സീസൺ വരാനിരിക്കെ, തന്റെ ഐപിഎൽ പ്രതീക്ഷകളും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നതിനെ കുറിച്ചും എല്ലാം റിയാൻ പരാഗ് സംസാരിക്കുകയാണ്.

തന്റെ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസണും പരിശീലകൻ കുമാർ സംഘക്കാരയും തന്നിൽ ഏറെ പ്രതീക്ഷകൾ അർപ്പിക്കുന്നുണ്ടെന്നും അവർ തന്നെ വിശ്വസിക്കുന്നുണ്ട് എന്നും റിയാൻ പരാഗ് പറഞ്ഞു. തനിക്ക് ടീമിൽ അവർ തന്നിരിക്കുന്ന റോൾ, ടി20 ഫോർമാറ്റിലെ ഏറ്റവും കഠിനമായ റോൾ ആണ് എന്നും റിയാൻ പരാഗ് പറഞ്ഞു.

“രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഘക്കാരയും ക്യാപ്റ്റൻ സഞ്ജു സാംസണും എന്നിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. ആ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നത് തന്നെയാണ് എന്റെ പ്രഥമലക്ഷ്യം. ടി20 ഫോർമാറ്റിലെ ഏറ്റവും കഠിനമായ റോൾ ആണ് അവർ എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ടി20 ഫോർമാറ്റിൽ 6,7 പൊസിഷനുകളിൽ ബാറ്റ് ചെയ്യുന്നത് വളരെ കടുപ്പമാണ്. ഞാൻ ഇപ്പോൾ ആ റോൾ ആസ്വദിക്കുന്നു. എന്റെ കരിയർ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം എന്ന ആഗ്രഹം എനിക്കുണ്ട്,” റിയാൻ പരാഗ് പറയുന്നു .

“ഞാൻ സീസണുകൾ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചു. അതിൽ ഏറ്റവും മികച്ചത് എന്റെ ആദ്യത്തെ സീസൺ ആയിരുന്നു. അതിനുശേഷം എനിക്ക് ഒരു ഗംഭീര പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. വരുന്ന ഐപിഎൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും, അതു മുഖേനെ ഇന്ത്യൻ ടീമിൽ ഇടം നേടാൻ ശ്രമിക്കുകയും ചെയ്യണം,” പരാഗ് പറഞ്ഞു . വിജയ് ഹസാരെ ട്രോഫി 2022-ൽ റിയാൻ പരാഗ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Rate this post