ഞാൻ ഇന്ത്യൻ ടീമിന്റെ ഭാവി ഓൾറൗണ്ടർ ആണ് ; സ്വയം പുകഴ്ത്തി രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ

ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച ഫിനിഷറാകാൻ തനിക്ക് കഴിവുണ്ടെന്ന് രാജസ്ഥാൻ റോയൽസിന്റെ യുവതാരം റിയാൻ പരാഗ്. 2018ൽ ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു പരാഗ്. 2019 ലെ ഐപിഎൽ ലേലത്തിൽ അസം താരത്തെ രാജസ്ഥാൻ റോയൽസ് അദ്ദേഹത്തിന്റെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി.

ഐ‌പി‌എൽ 2019 ൽ, 17 വർഷവും 175 ദിവസവും പ്രായമായ പരാഗ്, ഡെൽഹി ക്യാപിറ്റൽസിനെതിരെ അർധസെഞ്ച്വറി നേടി, ഐപിഎൽ ചരിത്രത്തിൽ അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയിരുന്നു. നിലവിലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും പരാഗിന്റെ സഹതാരവുമായ സഞ്ജു സാംസണിന്റെ റെക്കോർഡ് ആണ് തകർത്തത്. പരാഗിന്റെ ഫിനിഷിംഗ് കഴിവുകളിൽ ഫ്രാഞ്ചൈസി മതിപ്പുളവാക്കിയതോടെ, ഐപിഎൽ 2022 മെഗാ ലേലത്തിൽ റോയൽസ് പരാഗിനെ വീണ്ടും 3.80 കോടി രൂപയ്ക്ക് സ്വന്തമാക്കി.

147.06 സ്‌ട്രൈക്ക് റേറ്റിൽ 2022 ഐപിഎല്ലിൽ ഇതുവരെ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്നായി 25 റൺസാണ് പരാഗ് നേടിയത്. എന്നാൽ, രാജസ്ഥാൻ റോയൽസിൽ കളിക്കുന്നതിന് സമാനമായി ഇന്ത്യൻ ടീമിനായി കളിക്കാനും ഗെയിമുകൾ ഫിനിഷ് ചെയ്യാനും തനിക്കക്കുമെന്ന് യുവതാരം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. “എനിക്ക് എന്നെത്തന്നെ അധികം പുകഴ്ത്താൻ ആഗ്രഹമില്ല, എന്നാൽ രാജസ്ഥാൻ റോയൽസിന് മാത്രമല്ല, വരും വർഷങ്ങളിൽ ഇന്ത്യയുടെ മികച്ച ഫിനിഷറാകാനും എനിക്ക് കഴിയുമെന്ന് ഞാൻ കരുതുന്നു,” പരാഗ് പറഞ്ഞു.

“എനിക്ക് സ്കിൽ ഉണ്ട്, എനിക്ക് ബാറ്റിങ്ങും ഫീൽഡിംഗും ബൗളിംഗും കൈകാര്യം ചെയ്യാൻ കഴിയും. ഓൾറൗണ്ടറായും ഞാൻ കളിക്കും. എന്നാൽ, എനിക്ക് ഇനിയും ഒരുപാട് ജോലി ചെയ്യാനുണ്ട്, എനിക്ക് സ്ഥിരത പുലർത്തേണ്ടതുണ്ട്. എനിക്ക് ഒരുപാട് മേഖലകളിൽ ഇതിനോടകം പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്, എന്നാൽ രാജസ്ഥാൻ റോയൽസ് ടീമിനും രാജ്യത്തിനും വേണ്ടി എനിക്ക് കൂടുതൽ മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,” പരാഗ് കൂട്ടിച്ചേർത്തു.

Rate this post