അതിർത്തി കടന്ന് ക്രിക്കറ്റ്‌ സ്നേഹം!!റിസ്‌വാന്റെ തോളിൽ കയ്യിട്ട് ഹാർദിക്; വൈറലായി ചിത്രം

ഞായറാഴ്ച നടന്ന ഏഷ്യ കപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടത്തിലെ മികച്ചൊരു മുഹൂർത്തമായി പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനും ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും തമ്മിലുള്ള സൗഹാർദ്ദ നിമിഷം. മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിനിടെയാണ് സംഭവം.

റിസ്‌വാന്റെ പുറകിൽ നിന്നും എത്തിയ പാണ്ഡ്യ താരത്തിന്റെ തോളിൽ കയ്യിടുകയും നല്ലൊരു പുഞ്ചിരിയോടെ റിസ്‌വാൻ അത് സ്വീകരിക്കുകയുമായിരുന്നു. ഇതുകണ്ട ഗാലറിയിൽ ഉണ്ടായിരുന്ന ഇരു ടീമുകളുടെയും ആരാധകർ ആർപ്പുവിളികളുമായി അത് ഏറ്റെടുക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് തന്നെ ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറി.

മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട പാണ്ഡ്യയുടെ മികവിലാണ് കളി ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി 4 ഓവറിൽ വെറും 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ അദ്ദേഹം പിന്നീട് ബാറ്റ് കൊണ്ടും തിളങ്ങി. 17 പന്തിൽ 4 ബൗണ്ടറിയും ഒരു സിക്സും അടക്കം 33 റൺസ് നേടി പുറത്താകാതെ നിന്നു. അവസാന ഓവറിലെ ആദ്യ പന്തിൽ ജഡേജയെ നഷ്ടമായ ഇന്ത്യ തെല്ലൊന്ന് ഭയന്നുവെങ്കിലും നാലാം പന്ത് സിക്സർ നേടിയ പാണ്ഡ്യ ഇന്ത്യയുടെ വീരനായകനായി.

മത്സരത്തിൽ 42 പന്തിൽ 43 റൺസ് നേടിയ റിസ്‌വാന്റെ വിക്കറ്റ് നേടിയത് പാണ്ഡ്യ തന്നെയായിരുന്നു. മത്സരത്തിലെ ഓൾറൗണ്ട് പ്രകടനത്തിനുപുറമെ തന്റെ സൗഹാർദപരമായ പ്രവർത്തികൊണ്ടും അദ്ദേഹം ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം നേടി. 2018ൽ നടന്ന ഏഷ്യ കപ്പ് മത്സരത്തിനിടെ പരുക്കേറ്റ് പുറത്തായ പാണ്ഡ്യയുടെ മികച്ചൊരു തിരിച്ചുവരവിനാണു ഇത്തവണത്തെ ഏഷ്യ കപ്പിൽ എല്ലാവരും സാക്ഷ്യം വഹിച്ചത്.

Rate this post