എന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്, ഞാൻ ഇന്ത്യൻ ടീമിനായി ഒരുപാട് സംഭാവന ചെയ്യുന്നുണ്ട് ; വിമർശകർക്ക് മറുപടിയുമായി ഋഷഭ് പന്ത്

സഞ്ജു സാംസണ് പകരം വീണ്ടും വീണ്ടും ഋഷഭ് പന്തിന് അവസരം നൽകുന്ന ഇന്ത്യൻ ടീമിന്റെ രീതിക്കെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, അത് ചെവി കൊള്ളില്ല എന്ന മട്ടിലാണ് ടീം ഇന്ത്യ. ന്യൂസിലാൻഡിനെതിരായ പുരോഗമിക്കുന്ന മൂന്നാം ഏകദിന മത്സരത്തിലും ഫോമിൽ അല്ലാത്ത ഋഷഭ് പന്തിന് അവസരം നൽകിയപ്പോൾ സഞ്ജു ബെഞ്ചിൽ തന്നെയാണ്. മത്സരത്തിൽ ആകട്ടെ നാലാമനായി ക്രീസിൽ എത്തിയ ഋഷഭ് പന്ത്, 16 പന്തിൽ 10 റൺസ് മാത്രം സ്കോർ ചെയ്ത് പുറത്തായി.

എന്നാൽ, മത്സരത്തിന് മുൻപ് വിമർശകരെ അപ്പാടെ തള്ളിക്കൊണ്ട് ആണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ ഋഷഭ് പന്ത് സംസാരിച്ചത്. “ഞാൻ ഏകദിന, ടി20 ഫോർമാറ്റുകളിൽ ഓപ്പണർ ആയും, ടെസ്റ്റ് ഫോർമാറ്റിൽ 4-5 സ്ഥാനങ്ങളിലും കളിക്കാൻ ആഗ്രഹിക്കുന്നു. ടെസ്റ്റിൽ ഞാൻ ഇപ്പോൾ 5-ാമതയാണ് കളിക്കുന്നത്. ബാറ്റിംഗ് പൊസിഷൻ മാറുമ്പോൾ, ഗെയിം പ്ലാനും മാറുന്നു. എന്നെ ഏത് പൊസിഷനിൽ ഇറക്കിയാലാണ് അത് ടീമിന് കൂടുതൽ ഗുണം ചെയ്യുക എന്നാണ് ക്യാപ്റ്റനും പരിശീലകനും കരുതുന്നതെങ്കിൽ, അവിടെ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” ഋഷഭ് പന്ത് പറയുന്നു.

“ഏത് പൊസിഷനിൽ ആയാലും ടീമിന് ഗുണകരമാകുന്ന രീതിയിൽ ബാറ്റ് ചെയ്യണം എന്നാണ് എന്റെ പോളിസി,” ഋഷഭ് പന്ത് പറഞ്ഞു. അതേസമയം, ടെസ്റ്റ്‌ ഫോർമാറ്റിൽ ഋഷഭ് പന്ത് മികച്ച ബാറ്റർ ആണെന്നും, എന്നാൽ, വൈറ്റ് ബോൾ ഫോർമാറ്റിൽ കാര്യമായ റെക്കോർഡുകൾ ഒന്നും തന്നെ ഋഷഭിന് ഇതുവരെ നേടാൻ ആയിട്ടില്ല എന്നുമുള്ള വിമർശനത്തെ കുറിച്ചുള്ള അഭിപ്രായവും അവതാരകൻ തേടി. “റെക്കോർഡുകളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, വൈറ്റ് ബോൾ ഫോർമാറ്റിൽ ഞാൻ ഒരുപാട് സംഭാവനകൾ ചെയ്തിട്ടുണ്ട്,” പന്ത് മറുപടി പറഞ്ഞു.

മറ്റു കളിക്കാരുമായി തന്നെ ഇപ്പോൾ തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ല എന്നും പന്ത് അഭിപ്രായപ്പെട്ടു. “എനിക്ക് ഇപ്പോൾ 24-25 ആണ് പ്രായം. എന്നെ ഇപ്പോൾ തന്നെ മറ്റു കളിക്കാരുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. നിങ്ങൾക്ക് താരതമ്യം ചെയ്യാം, ഒരു 30-32 വയസ്സ് ഒക്കെ ആകുമ്പോൾ,” ഋഷഭ് പന്ത് പറഞ്ഞു. എന്തുതന്നെയായാലും മുൻ ഇന്ത്യൻ താരങ്ങളുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും ആരാധകരുടെയും എല്ലാം വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെ മാനേജ്മെന്റ് ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരം നൽകുമ്പോൾ അദ്ദേഹം അത് മുതലെടുക്കുന്നില്ല എന്നത് താരത്തിന്റെ ഭാവിയെ കാര്യമായി ബാധിക്കും എന്ന കാര്യം തീർച്ചയാണ്.

Rate this post