ക്രെഡിറ്റ് അവർക്കാണ്!!ഈ കളി മാത്രമല്ല, പരമ്പരയിലുടനീളം:പുകഴ്ത്തി റിഷാബ് പന്ത്

വെടിക്കെട്ട് ബാറ്റർ എന്ന ലേബൽ ഉണ്ടെങ്കിലും, രാജ്യാന്തര മത്സരങ്ങളിൽ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നിറം മങ്ങുന്ന യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെതിരെ സമീപ കാലത്തായി ധാരാളം വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പ്രത്യേകിച്ച്, ഏകദിന മത്സരത്തിൽ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല എന്ന പരിഹാസവും ഋഷഭ് പന്തിനെ വേട്ടയാടിയിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിനത്തിലെ പ്രകടനത്തോടെ വിമർശകരുടെ വായ അടപ്പിച്ചിരിക്കുകയാണ് ഋഷഭ് പന്ത്.

ഇംഗ്ലണ്ടിനെതിരെ 260 റൺസ് ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ, ഒരു സമയത്ത് ടോപ് ഓർഡർ ബാറ്റർമാരെല്ലാം കൂടാരം കയറി 38/3 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. നാലാമനായി ക്രീസിൽ എത്തിയ ഋഷഭ് പന്തിന്റെ (125*) സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. ഇതോടെ ഋഷഭ് തന്റെ കന്നി ഏകദിന സെഞ്ച്വറി നേടി എന്ന് മാത്രമല്ല, 2020-ന്റെ തുടക്കം മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ കെഎൽ രാഹുലിന് ശേഷം ഏകദിന ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായും ഋഷഭ് മാറി.

കളിയിലെ താരമായി തിരഞ്ഞെടുത്ത ഋഷഭ് പന്ത്, മത്സരശേഷം തന്റെ പ്രകടനത്തെക്കുറിച്ച് വാചാലനാവുകയും ചെയ്തു, “എന്റെ ആദ്യ ഏകദിന സെഞ്ച്വറി, എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഇത്‌ ഓർക്കുമായിരിക്കും. എന്നാൽ ഞാൻ ക്രീസിൽ ഉണ്ടായിരുന്നപ്പോൾ, ആ സമയം എനിക്ക് നേരെ വരുന്ന പന്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ടീം സമ്മർദ്ദത്തിലായിരിക്കുമ്പോൾ, ഇങ്ങനെ ബാറ്റ്‌ ചെയ്യാൻ സാധിക്കണം, അതാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്.”

“ഞാൻ ഇംഗ്ലണ്ടിൽ കളിക്കുന്നത് ആസ്വദിക്കുന്നു, എന്റെ ക്രിക്കറ്റ് ആസ്വദിക്കാൻ എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. നമ്മൾ കൂടുതൽ കളികൾ കളിക്കുമ്പോൾ, നമുക്ക് കൂടുതൽ അനുഭവം ലഭിക്കും. ബാറ്റ് ചെയ്യാൻ ഏറ്റവും മികച്ച പിച്ചായിരുന്നു അത്, അതിനാൽ അവരെ 260-ൽ എത്തിച്ചതിന് ക്രെഡിറ്റ് ഞങ്ങളുടെ ബൗളർമാർക്കാണ്. ഈ കളി മാത്രമല്ല, പരമ്പരയിലുടനീളം അവർ നന്നായി പന്തെറിയുകയും ചെയ്തു. ഈ പരമ്പര മാത്രമല്ല, ഈ വർഷം മുഴുവനും മികച്ചതായിരുന്നു,” ഋഷഭ് പന്ത് പറഞ്ഞു.