ഋഷഭ് പന്തിനെ കാണാനായി ന്യൂസിലാൻഡ് ആരാധകർ തടിച്ചുകൂടി ; തന്റെ കുട്ടി ആരാധകന് സർപ്രൈസ് സമ്മാനം നൽകി ഋഷഭ് പന്ത്

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു ചൂടേറിയ ചർച്ചാവിഷയമാണ് വിക്കറ്റ് കീപ്പർമാരായ സഞ്ജു സാംസൺ, ഋഷഭ് പന്ത് എന്നിവരിൽ ആരാണ് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നത് എന്നത്. ഋഷഭ് പന്ത് സമീപകാലത്തായി തുടർച്ചയായ മത്സരങ്ങളിൽ ഫോം കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നു എന്നും, ഏകദിന ഫോർമാറ്റിൽ സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരിയുടെ പാതി മാത്രമേ ഋഷഭ് പന്തിന് ഉള്ളു എന്നും എല്ലാമാണ് സഞ്ജു സാംസൺ ആരാധകരുടെ വാദം.

അതേസമയം, വിക്കറ്റ് കീപ്പിംഗിൽ ഋഷഭ് പന്ത് ആണ് മികച്ചവൻ എന്നും, മത്സരങ്ങൾ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കൽപ്പുള്ള ബാറ്റർ ആണ് ഋഷഭ് പന്ത് എന്നുമെല്ലാമാണ് അദ്ദേഹത്തെ പിന്തുണക്കുന്നവർ അവകാശപ്പെടുന്നത്. വിമൽ കുമാർ എന്നൊരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകൻ, ന്യൂസിലൻഡ് പര്യടനത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലനം നടത്തുന്ന വേളയിലെ ചില കാഴ്ചകൾ യൂട്യൂബിൽ പങ്കുവെക്കുകയുണ്ടായി. അതിൽ, ന്യൂസിലാൻഡിൽ നിന്നുള്ള ഒരു ഋഷഭ് പന്ത് ആരാധകനായ കുട്ടി പങ്കുവെക്കുന്ന കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.

സഞ്ജു സാംസണും, ഋഷഭ് പന്തും പരിശീലനം നടത്തുന്ന വേളയിലാണ് അത് കാണാനായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ന്യൂസിലാൻഡിൽ നിന്നുള്ള ആളുകളും എത്തിയത്. ഋഷഭ് പന്ത് പരിശീലനം നടത്തുന്ന വേളയിൽ, നിരവധി ആരാധകർ സഞ്ജു സാംസണിനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് മേടിക്കുകയും ചെയ്തു. ശേഷം, സഞ്ജു പരിശീലനത്തിൽ ഏർപ്പെട്ടപ്പോൾ ഋഷഭ് പന്തും ആരാധകർക്ക് ഫോട്ടോ എടുക്കുവാനായി പോസ് നൽകുകയും ഓട്ടോഗ്രാഫ് നൽകുകയും എല്ലാം ചെയ്തു.

ഈ വേളയിൽ തന്റെ ഒരു കടുത്ത ആരാധകന് ഋഷഭ് പന്ത് തന്റെ കീപ്പർ ഗ്ലൗ സമ്മാനിക്കുകയും ചെയ്തു. “ഞാൻ ഒരു കടുത്ത ഋഷഭ് പന്ത് ആരാധകനാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്. ഇന്ന് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കളിക്കാരൻ എനിക്ക് അദ്ദേഹത്തിന്റെ ഗ്ലൗ സമ്മാനിച്ചു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ദിവസമാണ്. ഋഷഭ് പന്ത് ഒരു മികച്ച ക്രിക്കറ്റ്‌ താരമാണ്, ഞാൻ അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നു,” ഋഷഭ് പന്തിന്റെ ആരാധകനായ ന്യൂസിലാൻഡ് ബാലൻ പറഞ്ഞു.

Rate this post