സെഞ്ച്വറി നേടും ടീം തോൽക്കും 😱😱😱നിർഭാഗ്യത്തിന്റെ ആൾ രൂപമായി റിഷാബ് പന്ത്!!കണക്കുകൾ ഇപ്രകാരം

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, ഇന്ത്യൻ ടീമിൽ ജ്വലിച്ചു നിന്ന താരമാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ – ബാറ്റർ റിഷഭ് പന്ത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ, ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ കനത്ത ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ റിഷഭ് പന്ത് ആണ് സെഞ്ച്വറി പ്രകടനവുമായി രക്ഷക്കെത്തിയത്. ഇന്ത്യക്കായി ഒന്നാം ഇന്നിംഗ്സിൽ 146 റൺസ് നേടിയ റിഷഭ് പന്ത്, രണ്ടാം ഇന്നിംഗ്സിൽ 57 റൺസും നേടി.

എന്നാൽ, റിഷഭ് പന്തിന്റെ പ്രകടനങ്ങൾക്ക് മത്സരത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളിലും ഇന്ത്യക്ക് മുൻ‌തൂക്കം നൽകാൻ സാധിച്ചെങ്കിലും, കളിയുടെ അവസാന രണ്ട് ദിനങ്ങൾ കൊണ്ട് ഇംഗ്ലണ്ട് മത്സരത്തിന്റെ ഗതി മാറ്റുകയും ജയം സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ, ഒരു മോശം കണക്ക് റിഷഭ് പന്തിന്റെ പേരിൽ ആയിരിക്കുകയാണ്.

അതായത്, സെന രാജ്യങ്ങൾക്കെതിരെ ടെസ്റ്റിൽ റിഷഭ് സെഞ്ച്വറി നേടിയാൽ, ആ മത്സരം ഇന്ത്യക്ക് ജയിക്കാനായിട്ടില്ല എന്നതാണ് ചരിത്രം. നേരത്തെ, 2018-ൽ റിഷഭ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ അഞ്ചാം ടെസ്റ്റ്‌ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ റിഷഭ് 114 റൺസ് നേടിയിരുന്നു. എന്നാൽ, കളിയിൽ ഇന്ത്യ 118 റൺസിന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. ശേഷം, 2019-ൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന സിഡ്നി ടെസ്റ്റിലും റിഷഭ് സെഞ്ച്വറി നേടിയിരുന്നു. മത്സരത്തിൽ, റിഷഭ് 159 റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും, മത്സരം സമനിലയിൽ പിരിയുകയായിരുന്നു.

ഈ പട്ടികയിൽ മൂന്നാമത്, ഈ വർഷമാദ്യം നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്‌ മത്സരമാണ്. മത്സരത്തിൽ റിഷഭ് 100 റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും, കളിയിൽ 7 വിക്കറ്റിന് ഇന്ത്യക്ക് തോൽവി ആയിരുന്നു ഫലം. ഇപ്പോഴിതാ, വീണ്ടും ഇംഗ്ലണ്ടിനെതിരെ റിഷഭ് സെഞ്ച്വറി നേടിയപ്പോഴും ഇന്ത്യക്ക് പരാജയം ആണ് ഫലം. ഇത്‌ കേവലം ഒരു നിർഭാഗ്യത്തിന്റെ കണക്കാണെങ്കിലും, റിഷഭ് പന്തിന്റെ ബാറ്റിംഗ് പ്രകടനം പ്രശംസനീയം തന്നെ.