കോഹ്ലിക്കും സച്ചിനും പിന്നാലെ റിഷാബ് പന്ത് :അപൂർവ്വ റെക്കോർഡുകൾ സ്വന്തം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യൻ താരം റിഷഭ് പന്ത് നേടിയ സെഞ്ച്വറി സൃഷ്ടിച്ചത് പല പുതിയ റെക്കോർഡുകൾ ആണ്. 89 പന്തിൽ നിന്നും സെഞ്ചുറി നേടിയ പന്ത് 111 പന്തിൽ 146 റൺസ് ആണ് മത്സരത്തിൽ നേടിയത്. മത്സരത്തിൽ ഒരു സമയത്ത് 98 റൺസിന് 5 വിക്കറ്റ് നഷ്മായ ഇന്ത്യയെ പന്തും ജഡേജയും തമ്മിലുള്ള കൂട്ടുകെട്ടാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്.

ഇംഗ്ലണ്ടിലെ തൻ്റെ രണ്ടാം സെഞ്ച്വറിയാണ് മത്സരത്തിൽ പന്ത് നേടിയത്. ഇതിന് മുൻപ് 2018 ലെ പരമ്പരയിലാണ് പന്ത് സെഞ്ച്വറി നേടിയത്. ഈ മികച്ച പ്രകടനത്തിലൂടെ ആദം ഗിൽക്രിസ്റ്റിനോ കുമാർ സംഗക്കാരയ്ക്കോ പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റിഷബ് പന്ത്. ഈ സെഞ്ചുറി കൂടി നേടിയതോടെ ഇംഗ്ലണ്ടിൽ രണ്ട് ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന റെക്കോർഡ് റിഷഭ് പന്ത് സ്വന്തമാക്കി കഴിഞ്ഞു. ആദം ഗിൽക്രിസ്റ്റ്, കുമാർ സങ്കക്കാര അടക്കമുള്ള 14 വിദേശ വിക്കറ്റ് കീപ്പർമാർ ഇംഗ്ലണ്ടിൽ ഒരു സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ആർക്കും തന്നെ രണ്ടാം സെഞ്ചുറി ഇംഗ്ലണ്ടിൽ നേടുവാൻ സാധിച്ചിട്ടില്ല.

എഡ്ബാസ്റ്റണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം കൂടിയാവാൻ റിഷഭ് പന്തിന് സാധിച്ചു.സച്ചിൻ ടെണ്ടുൽക്കറുംവിരാട് കോഹ്ലിയും ഈ സ്റ്റേഡിയത്തിൽ സെഞ്ചുറി നേടിയിരുന്നു. വെറും 89 പന്തിൽ സെഞ്ചുറി നേടിയ പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കി. ഏഷ്യയ്‌ക്ക് പുറത്ത് ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് ഇത്.

മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ്‌ മറികടക്കാനും പന്തിന് കഴിഞ്ഞു. ആദ്യ ഇന്നിങ്സിലെ 37 ആം ഓവറിൽ സ്പിന്നർ ജാക്ക് ലീച്ചിനെതിരെ സിക്സ് പറത്തിയ പന്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സിക്സറുകൾ നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 സിക്സ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡും ഇതോടെ പന്ത് സ്വന്തമാക്കി. ഇരുപത്തിയഞ്ചാം വയസ്സിൽ 100 സിക്സ് നേടിയ സച്ചിൻ ടെണ്ടുൽക്കറെയാണ് 24 ക്കാരനായ റിഷഭ് പന്ത് പിന്നിലാക്കിയത്