“ക്യാപ്റ്റാ ഞാൻ ആ ബോളറെ ഇ ടിച്ചോട്ടെ” ; റിഷഭ് പന്തിന്റെ ചോദ്യത്തിന് രോഹിത്തിന്റെ മറുപടി ഇങ്ങനെ

എഡ്ജ്ബാസ്റ്റൺ ടി20 മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന്റെ ഓപ്പണിംഗ് സഖ്യത്തെ കണ്ട് ഇന്ത്യൻ ആരാധകർ ആവേശത്തിലായി. ആരാധകരുടെ പ്രിയപ്പെട്ട ഹിറ്റ്മാനൊപ്പം പവർഹിറ്റർ റിഷഭ് പന്ത് ആണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. മുൻ താരങ്ങളുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും ആരാധകരുടെയും ഏറെനാളത്തെ ആവശ്യവും താൽപര്യവുമാണ് റിഷഭിനെ ഓപ്പണറുടെ റോളിലേക്ക് കൊണ്ടുവരണം എന്നത്.

എല്ലാവരുടെയും പ്രതീക്ഷക്കൊത്ത പ്രകടനം തന്നെയാണ് ഇന്ത്യയുടെ പുതിയ ഓപ്പണിങ് സഖ്യം തുടക്കത്തിൽ പുറത്തെടുത്തത്. ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ രോഹിത് സിക്സ് അടിച്ചു തുടങ്ങിയപ്പോൾ, ഇരുവരും ചേർന്ന് ഗംഭീര വെടിക്കെട്ട് കൂട്ടുകെട്ട് സൃഷ്ടിക്കും എന്ന് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ, 49 റൺസെടുത്ത കൂട്ടുകെട്ട് ഇന്നിംഗ്സിന്റെ 5-ാം ഓവറിൽ വേർപിരിഞ്ഞു.

രോഹിത്തും റിഷഭും തമ്മിലുള്ള കൂട്ടുകെട്ടിനിടെ ഇരുവരുടെയും സംഭാഷണം സ്റ്റംപ് മൈക്ക് ഒപ്പിയെടുത്ത് ലോകത്തെ കേൾപ്പിക്കുകയുണ്ടായി. ഇതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. “ബൗളർ ഞാൻ റൺ ചെയ്യുന്നതിനിടെ എന്റെ നേരെ വന്നാൽ ഞാൻ അയാളെ ഹിറ്റ് ചെയ്തോട്ടെ,” എന്ന് റിഷഭ് പന്ത് ക്യാപ്റ്റൻ രോഹിത് ശർമയോട് ചോദിച്ചു. അതിന് മറുപടിയായി, “തീർച്ചയായും, എന്തുകൊണ്ട് ചെയ്തൂടാ,” എന്നാണ് രോഹിത് പറഞ്ഞത്.

മത്സരത്തിൽ രോഹിത് 20 ബോളിൽ 3 ഫോറും 2 സിക്സും സഹിതം 155 സ്ട്രൈക്ക് റേറ്റിൽ 31 റൺസ് നേടി. അതേസമയം, 15 ബോൾ നേരിട്ട റിഷഭ് പന്ത് 4 ഫോറും ഒരു സിക്സും ഉൾപ്പടെ 173.33 സ്ട്രൈക്ക് റേറ്റിൽ 26 റൺസ് നേടി. ഇരുവരെയും ഇംഗ്ലീഷ് പേസർ റിച്ചാർഡ് ഗ്ളീസൺ ആണ് പുറത്താക്കിയത്.