വെടിക്കെട്ട് സെഞ്ച്വറിയുമായി റിഷാബ് പന്ത് :സൗത്താഫ്രിക്കക്ക്‌ ജയിക്കാൻ 212 റൺസ്‌

ഇന്ത്യ : സൗത്താഫ്രിക്ക കേപ്ടൗൺ ക്രിക്കറ്റ്‌ ടെസ്റ്റ്‌ അത്യന്തം ആവേശകരമായ സസ്പെൻസ് അവസാനത്തിലേക്ക്. മൂന്നാം ദിനം വമ്പൻ രണ്ടാം ഇന്നിങ്സ് സ്കോർ ലക്ഷ്യമാക്കി കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ ടീമിന് മുഴുവൻ വിക്കറ്റും 198 റൺസിൽ നഷ്ടമായപ്പോൾ തന്റെ കന്നി സെഞ്ച്വറി സൗത്താഫ്രിക്കൻ മണ്ണിൽ കുറിച്ച റിഷാബ് പന്ത് കയ്യടികൾ നേടി.

മൂന്നാം ദിനം ആദ്യത്തെ ഓവറുകളിൽ തന്നെ സീനിയർ ബാറ്റ്‌സ്മാന്മാരായ രഹാനെ, പൂജാര എന്നിവരെ നഷ്ടമായ ടീം ഇന്ത്ക്ക്‌ കരുത്തായി മാറിയത് വിരാട് കോഹ്ലി (27 റൺസ്‌ ), റിഷാബ് പന്ത് ( പുറത്താവാതെ 100 റൺസ്‌ ) എന്നിവർ ബാറ്റിംഗ് പ്രകടനമാണ്. ഇന്ത്യൻ ടോട്ടൽ 198 റൺസിൽ അവസാനിച്ചതോടെ സൗത്താഫ്രിക്കക്ക്‌ ജയിക്കാൻ വേണ്ടത് 212 റൺസാണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ടീം 13 റൺസ്‌ ലീഡ് സ്വന്തമാക്കിയിരുന്നു. മൂന്നാം ദിനം കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബാറ്റിങ് നിരയിലെ വിക്കറ്റുകൾ വീഴ്ത്തിയ സൗത്താഫ്രിക്കൻ ബൗളർമാരെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി എങ്കിലും വെടിക്കെട്ട് ശൈലിയിൽ ബാറ്റ് വീശിയ റിഷാബ് പന്ത് വെറും 139 പന്തുകളിൽ നിന്നും 6 ഫോറും 4 സിക്സ് അടക്കം 100 റൺസ്‌ നേടി.

വിരാട് കോഹ്ലി (27 റൺസ്‌ ) മാത്രമാണ് റിഷാബ് പന്തിന് മികച്ച പിന്തുണ നൽകിയത്. വിരാട് പുറത്തായ ശേഷം എല്ലാവർക്കും ഒപ്പം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത റിഷാബ് പന്ത് വിമർശനങ്ങൾക്കുള്ള മറുപടി ബാറ്റ് കൊണ്ട് നൽകി.സ്പിന്നർ കേശവ് മഹാരാജിന് എതിരെ തുടർച്ചയായി രണ്ട് സിക്സ് പായിച്ചാണ് റിഷാബ് പന്ത് തന്റെ സിക്സ് വെടിക്കെട്ട് നടത്തിയത്. ഒന്നാം ഇന്നിങ്സിലെ പോലെ സൗത്താഫ്രിക്കൻ ടീമിനെ ബൌളിംഗ് മികവിൽ എറിഞ്ഞിടാം എന്നാണ് ടീം ഇന്ത്യയുടെ വിശ്വാസം.

മൂന്നാം ദിനം രണ്ട് വിക്കറ്റുകൾ നഷ്ടത്തിൽ 57 റൺസ്‌ എന്നുള്ള സ്കോറിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് രണ്ടാം പന്തിൽ തന്നെ സ്റ്റാർ ബാറ്റ്‌സ്മാനായ പൂജാരയെ നഷ്ടമായി. മാർക്കോ ജാൻസണിന്റെ ഷോർട്ട് ബോളിൽ പൂജാരയെ അസാധ്യമായ ഒരു ക്യാച്ചിൽ കൂടി യുവ സൗത്താഫ്രിക്കൻ താരം പിറ്റേഴ്സൺ പുറത്താക്കുകയായിരുന്നു. പൂജാര ബാറ്റിൽ കൊണ്ട് ഉയർന്ന ബോൾ ലെഗ് സ്ലിപ്പിൽ നിന്നിരുന്ന താരം വലത്തേ സൈഡിലേക്ക് ചാടിയാണ് കൈപിടിയിൽ ഒതുക്കിയത്.