തൂപ്പു ജോലിക്കാരനായ റിങ്കു സിംഗ് ഇന്ന് ഷാരൂഖ് ഖാന്റെ ഹീറോ ; റിങ്കുവിന്റെ ജീവിത കഥ അറിയാം

ആദ്യ നാല് മത്സരങ്ങളിൽ മൂന്ന് ജയം പിന്നീട് തുടർച്ചയായ 5 പരാജയങ്ങൾക്ക് ശേഷം ഒരു ജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎൽ പതിനഞ്ചാം പതിപ്പിലെ പ്രയാണത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഉമേഷ് യാദവും സൗത്തിയും സുനിൽ നരെയ്നും ഉൾപ്പെടെയുള്ള ബൗളിംഗ് ഡിപ്പാർട്ട്മെന്റ് മികച്ച രീതിയിൽ പന്തെറിയുമ്പോഴും, കെകെആറിന് അവരുടെ ബാറ്റിംഗ് ആയിരുന്നു തലവേദന.

ബാറ്റിംഗ് ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുത്ത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ സമ്മർദത്തിൽ ആയതും സ്ഥിരത കണ്ടെത്താൻ വിഷമിക്കുന്ന നിതീഷ് റാണയും ഫോം കണ്ടെത്താൻ പാടുപെടുന്ന വിദേശ താരങ്ങളും കെകെആറിന് തലവേദന ആയപ്പോൾ, തുടർച്ചയായ മാറ്റങ്ങൾക്ക് ഒടുവിൽ കെകെആർ കണ്ടെത്തിയ ഭാഗ്യ താരമാണ് റിങ്കു സിംഗ്. ഏറ്റവുമൊടുവിൽ കളിച്ച രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം കാഴ്ചവെച്ചത് ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ യഥാക്രമം 35, 23, 42* എന്നിങ്ങനെയാണ് റിങ്കുവിന്റെ സമ്പാദ്യം.

ബാറ്റിംഗിനു പുറമെ ഫീൽഡിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന റിങ്കു സിംഗിനെ 80 ലക്ഷം രൂപയ്ക്കാണ് ഐപിഎൽ താരലേലത്തിൽ കെകെആർ സ്വന്തമാക്കിയത്. തന്റെ ജീവിതത്തിൽ നേട്ടങ്ങളുടെ ഉന്നതിയിൽ എത്തി നിൽക്കുന്ന ഈ സമയത്ത്, അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലേക്ക് നമുക്ക് ഒന്നു തിരിഞ്ഞു നോക്കാം. 1997-ൽ ഉത്തർപ്രദേശിലാണ് റിങ്കുവിന്റെ ജനനം.പിതാവ് ഗ്യാസ് ഏജൻസിയിൽ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുന്നു.

പിതാവിന്റെ പ്രതിമാസം വരുന്ന 7000 രൂപ വരുമാനത്തിൽ 9 അംഗങ്ങൾ അടങ്ങുന്ന കുടുംബം പ്രയാസകരമായ ജീവിതം നയിക്കുന്നതിന് ഇടയിലാണ് ഒമ്പതാംക്ലാസിൽ റിങ്കു പരാജയപ്പെടുന്നത്. അതോടെ, ഒമ്പതാംക്ലാസിൽ പഠനം നിർത്തിയ റിങ്കു, തൂപ്പ് ജോലിക്ക് പോയി തുടങ്ങി. ശേഷം ഓട്ടോ ഡ്രൈവർ ആയി റിങ്കു വർഷങ്ങളോളം തന്റെ കുടുംബത്തിനുവേണ്ടി അധ്വാനിച്ചു. അതിനിടയിൽ തന്റെ മനസ്സിലുണ്ടായിരുന്ന ക്രിക്കറ്റ് മോഹങ്ങൾ തന്റെ കഠിനമായ പരിശ്രമത്തിന്റെ ഫലമായി റിങ്കു ഇപ്പോൾ സഫലമാക്കിയിരിക്കുകയാണ്.