റിങ്കു സിംഗിന് ഡിആർഎസ് അനുവദിക്കില്ല ; അമ്പയറുടെ പ്രതികരണത്തിൽ കലിപ്പനായി കെകെആർ ഹെഡ് കോച്ച് ബ്രെണ്ടൻ മക്കല്ലം

ഐപിഎൽ 2022-ലെ 61-ാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുന്നതിനിടെ വീണ്ടും ടൂർണമെന്റിൽ ഡിആർഎസ് വിവാദമുണ്ടായി. കെകെആർ ബാറ്റർ റിങ്കു സിംഗിന് ഓൺ-ഫീൽഡ് അമ്പയർമാർ ഡിആർഎസ് നിരസിച്ചതിനെ തുടർന്നാണ് ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഡിആർഎസ് നിരസിച്ചതിന് പിന്നാലെ, റിങ്കു സിംഗും ഓൺ-ഫീൽഡ് അമ്പയർ അനിൽ കുമാർ ചൗധരിയും തർക്കത്തിൽ ഏർപ്പെട്ടു.

ഇന്നിംഗ്സിന്റെ 12-ാം ഓവറിൽ, ടി നടരാജൻ എറിഞ്ഞ നാലാമത്തെ പന്തിൽ കെകെആർ ബാറ്റർ റിങ്കു സിംഗ് വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. അതേസമയം, റിങ്കുവിനെതിരെ ടി നടരാജൻ ഉൾപ്പടെയുള്ള എസ്ആർഎച്ച് താരങ്ങൾ ഏറെ നേരം വിക്കറ്റിനായി അപ്പീൽ ചെയ്ത ശേഷമാണ്, ഓൺ-ഫീൽഡ് അമ്പയർ വിക്കറ്റ് നൽകിയത്. തുടർന്ന്, കെകെആർ താരങ്ങളായ റിങ്കു സിങ്ങും സാം ബില്ലിംഗ്സും ഡിആർഎസ് എടുക്കണോ വേണ്ടയോ എന്നത് ചർച്ച ചെയ്യുമ്പോൾ 15 സെക്കൻഡുകൾക്ക് ശേഷം ടൈമർ പൂജ്യത്തിലേക്ക് താഴ്ന്നു.

ടൈമർ മാഞ്ഞ ഉടനെ, ഫീൽഡ് അമ്പയർ കെകെആർ ബാറ്റർമാർക്ക് സമയം കഴിഞ്ഞുവെന്ന് സൂചന നൽകി. എന്നിരുന്നാലും, ഡിആർഎസ് നിരസിച്ചു എന്ന കാരണത്താൽ റിങ്കു സിംഗ് ഏറെ നേരം അമ്പയറുമായി തർക്കിക്കുകയും 15 സെക്കൻഡ് കഴിഞ്ഞ ശേഷം റിങ്കു സിംഗ് റിവ്യൂ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ, സാം ബില്ലിംഗ്‌സും അമ്പയർമാരോട് കാര്യമായി സംസാരിക്കുന്നത് കാണാമായിരുന്നു.

എന്തൊക്കെ സംഭവിച്ചിട്ടും, ഡിആർഎസ് അനുവദിക്കാൻ ഓൺ-ഫീൽഡ് അമ്പയർ തയ്യാറായില്ല. കാരണം, 15 സെക്കന്റ്‌ സമയം തീരുന്നതിന് മുന്നേ മാത്രമെ ബാറ്റർക്ക് ഡിആർഎസ് സിഗ്നൽ നൽകാനാകു എന്നാണ് നിയമം പറയുന്നത്. കെകെആർ കളിക്കാർ അമ്പയർമാരുമായി ചർച്ചകൾ തുടർന്നുവെങ്കിലും ഡിആർഎസ് നിരസിക്കപ്പെട്ടു. അതേസമയം, ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം ബൗണ്ടറിയിൽ ഫോർത്ത് അമ്പയറോടും ഈ സംഭവത്തെ സംബന്ധിച്ച് സംസാരിച്ചു.