രഞ്ജി ട്രോഫി തിരിച്ചുവരവ് ഗംഭീരമാക്കി ശ്രീശാന്ത് ; മേഘാലയയെ തകർത്ത് കേരളം

രഞ്ജി ട്രോഫി 2022 സീസണ് തുടക്കമായി. എലൈറ്റ് ഗ്രൂപ്പ്‌ എ-യിലെ ആദ്യ മത്സരത്തിൽ മേഘാലയെ നേരിടുന്ന കേരളത്തിന്‌, മത്സരത്തിൽ ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഈഡൻ ആപ്പിൾ ടോം എന്ന 17 കാരന്റെ അരങ്ങേറ്റത്തിനും, 10 വർഷത്തിന് ശേഷമുള്ള മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്തിന്റെ തിരിച്ചുവരവിനും സാക്ഷ്യം വഹിച്ച മത്സരത്തിൽ, ഇരുവരും മികച്ച ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചത് ശ്രദ്ധേയമായി.

സൗരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ, ടോസ് ലഭിച്ച കേരളം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് കേരള ബൗളർമാർ കാഴ്ച്ചവെച്ചത്. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ മേഘാലയ ഓപ്പണർ വല്ലം കയ്ൻഷിയെ (0) പുറത്താക്കി മനുകൃഷണയാണ് കേരളത്തിന്റെ വിക്കറ്റ് വേട്ടക്ക്‌ തുടക്കമിട്ടത്.

തുടർന്ന്, അരങ്ങേറ്റക്കാരൻ ഈഡൻ ആപ്പിൾ ടോം വിക്കറ്റ് വേട്ടക്ക് ആക്കം കൂട്ടിയപ്പോൾ, മേഘാലയ ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ആദ്യ ഇന്നിംഗ്സ് 40 ഓവർ പിന്നിട്ടപ്പോഴേക്കും 148 റൺസുമായി മേഘാലയ കൂടാരം കയറി. കേരളത്തിന്‌ വേണ്ടി ഈഡൻ ആപ്പിൾ ടോം 4-ഉം, മനുകൃഷ്ണൻ 3-ഉം, എസ് ശ്രീശാന്ത് 2-ഉം, ബേസിൽ തമ്പി ഒരു വിക്കറ്റും വീഴ്ത്തി. 93 റൺസെടുത്ത പുനിത് ബിഷ്ട് ആണ് മേഘാലയയുടെ ടോപ് സ്കോറർ.

10 വർഷത്തിന് ശേഷം കേരള രഞ്ജി ടീമിൽ തിരിച്ചെത്തിയ ശ്രീശാന്തിന്റെ ബൗളിംഗ് പ്രകടനം മത്സരത്തിൽ ശ്രദ്ധേയമായി. മത്സരത്തിൽ, 2 മൈഡൻ ഓവർ ഉൾപ്പടെ 11.4 ഓവർ എറിഞ്ഞ ശ്രീ, 40 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി. തിരിച്ചുവരവ് ഗംഭീരമാക്കിയ ശ്രീ, വരും മത്സരങ്ങളിൽ തന്നിൽ നിന്ന് മികച്ച ബൗളിംഗ് പ്രകടനങ്ങൾ കാണാം എന്ന സൂചനയുമാണ് നൽകിയിരിക്കുന്നത്. നിലവിൽ, ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കേരളം 205/1 റൺസ്‌ എന്ന നിലയിലാണ്.