റെക്കോർഡുകൾ അവർക്ക് മുൻപിൽ!!വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ധോണിയേയും കോഹ്‌ലിയേയും മറികടക്കാനൊരുങ്ങി ധവാൻ

ഇന്ന് (ജൂലൈ 22) വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരക്ക് തുടക്കമാവുകയാണ്. ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ വെറ്റെറൻ ഓപ്പണർ ശിഖർ ധവാൻ ആണ് ഇന്ത്യൻ ടീമിന്റെ നായകൻ. മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കുമ്പോൾ, ശിഖർ ധവാനെ തേടി നിരവധി റെക്കോർഡുകൾ ആണ് കാത്തിരിക്കുന്നത്.

ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ ധവാൻ കളത്തിൽ ഇറങ്ങുന്നതോടെ വെസ്റ്റ് ഇൻഡീസിൽ ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരമായി മാറും ധവാൻ. വെസ്റ്റ് ഇൻഡീസിൽ 15 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ എംഎസ് ധോണി, വിരാട് കോഹ്ലി എന്നിവരുടെ നേട്ടത്തിനൊപ്പമാണ് ധവാൻ ഇന്നത്തെ മത്സരത്തോടുകൂടി സ്ഥാനം പിടിക്കുക.

നിലവിൽ, വെസ്റ്റ് ഇൻഡീസിൽ 14 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള ധവാൻ, ഈ പട്ടികയിൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ്. എന്നാൽ, വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തിൽ കൂടി ധവാൻ കളിക്കുന്നതോടെ, വെസ്റ്റ് ഇൻഡീസിൽ 16 ഏകദിന മത്സരങ്ങളുമായി ധവാൻ, ധോണിയെയും കോഹ്ലിയെയും മറികടന്ന് ഒന്നാം സ്ഥാനത്ത് സ്വതന്ത്രനാകും.

എന്നിരുന്നാലും, വെസ്റ്റ് ഇൻഡീസിൽ ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന വിരാട് കോഹ്ലിയുടെ റെക്കോർഡ് മറികടക്കുന്നത് ധവാനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമാവില്ല. നിലവിൽ 15 കളികളിൽ 70 ശരാശരിയിൽ 790 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. അതേസമയം, 14 കളികളിൽ നിന്ന് 26.76 ശരാശരിയിൽ 348 റൺസ് മാത്രമാണ് ധവാന്റെ പേരിലുള്ളത്. 15 കളികളിൽ നിന്ന് 458 റൺസുള്ള എംഎസ് ധോണി, 14 കളികളിൽ നിന്ന് 419 റൺസുള്ള യുവരാജ് സിംഗ് എന്നിവരാണ് ഈ പട്ടികയിൽ വിരാട് കോഹ്ലിക്ക് പിറകിലായി രണ്ടും മൂന്നും സ്ഥാനത്തുള്ളത്.