ഇതിഹാസങ്ങളെ പിന്നിലാക്കുന്ന റെക്കോർഡിനായി രോഹിത് എത്തുമോ! കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം

വെസ്റ്റ് ഇൻഡീസിനെതിരായ അടുത്ത മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ഒരു വമ്പൻ റെക്കോർഡ് ആണ്. തന്റെ പവർ ഹിറ്റിംഗ് കഴിവ് കൊണ്ട് ആരാധകർ നൽകിയ ‘ഹിറ്റ്‌മാൻ’ എന്ന പേര് കൂടുതൽ തിളക്കമുള്ളതാക്കാനുള്ള അവസരത്തിലാണ് രോഹിത് ശർമ്മ എത്തിനിൽക്കുന്നത്. അതായത്, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനി വെറും മൂന്ന് സിക്സുകൾ കൂടി രോഹിത് നേടിയാൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന രണ്ടാമത്തെ ബാറ്ററായി രോഹിത് ശർമ്മ മാറും.

നിലവിൽ, 426 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു 474 സിക്സുകൾ രോഹിത് ശർമ്മ നേടിയിട്ടുണ്ട്. നിലവിൽ ഈ പട്ടികയിൽ മൂന്നാമനായ രോഹിത് ശർമ്മയുടെ തൊട്ടു മുന്നിൽ നിൽക്കുന്നത്, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയാണ്‌. 508 ഇന്നിംഗ്സുകളിൽ നിന്ന് 477 സിക്സ് ആണ് ഷാഹിദ് അഫ്രീദിയുടെ സമ്പാദ്യം.

ഇതോടെ, മൂന്ന് സിക്സ് കൂടി നേടാനായാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റർമാരുടെ പട്ടികയിൽ രണ്ടാമൻ എന്ന ചരിത്രനേട്ടം രോഹിത് കൈവരിക്കും. 551 ഇന്നിംഗ്സുകളിൽ നിന്ന് 553 സിക്സുകൾ നേടിയ മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ക്രിസ് ഗെയ്ൽ ആണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റർ. ഗെയ്ലിനെ മറികടക്കുന്നത് നിലവിൽ പ്രയാസകരമാണെങ്കിലും, ഷാഹിദ് അഫ്രീദിയെ മറികടന്ന് രണ്ടാമതാകാനുള്ള സുവർണാവസരമാണ് ഇപ്പോൾ രോഹിത്തിന് മുന്നിൽ തുറന്നു കിടക്കുന്നത്.

നിലവിൽ ഏകദിന ഫോർമാറ്റിൽ 250 സിക്സുകൾ നേടിയിട്ടുള്ള രോഹിത് ശർമ്മ, ടി20 ഫോർമാറ്റിൽ 160 സിക്സുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ്‌ ക്രിക്കറ്റിൽ 64 സിക്സുകളും രോഹിത്തിന്റെ പേരിൽ ഉണ്ട്. എന്നാൽ, വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ പരിക്കേറ്റ രോഹിത് ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കുമോ എന്നത് സംശയമാണ്. അങ്ങനെയെങ്കിൽ ഈ ചരിത്രനേട്ടത്തിന് സാക്ഷികളാകാൻ ക്രിക്കറ്റ് ആരാധകർക്ക് ഏഷ്യ കപ്പ് വരെ കാത്തിരിക്കേണ്ടിവരും