തീയായി സിറാജ് ഇക്ക… കോഹ്ലി നായകൻ ഷോ.. മാസ്സ് ജയവുമായി ബാംഗ്ലൂർ

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ 24 റൺസിന്റെ തകർപ്പൻ വിജയവുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ബാറ്റിംഗിൽ ബാംഗ്ലൂരിനായി കോഹ്ലിയും ഡുപ്ലെസിയും തിളങ്ങിയപ്പോൾ ബോളിങ്ങിൽ സിറാജ് നിറഞ്ഞാടുകയായിരുന്നു. ബാംഗ്ലൂരിന്റെ സീസണിലെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയ്ക്കെതിരെ പരാജയമെറ്റുവാങ്ങിയ ബാംഗ്ലൂരിനെ സംബന്ധിച്ച് വളരെ ആശ്വാസം നൽകുന്ന വിജയം തന്നെയാണ് ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തെരഞ്ഞെടുക്കുകയാണുണ്ടായത്. ഈ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിക്കുന്ന തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. ആദ്യ ബോൾ മുതൽ വിരാട് കോഹ്ലിയും ഡുപ്ലസിയും പഞ്ചാബ് ബോളർമാർക്ക് മേൽ താണ്ഡവമാടി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 137 റൺസാണ് ബാംഗ്ലൂരിനായി നേടിയത്. മത്സരത്തിൽ 56 പന്തുകളിൽ 5 ബൗണ്ടറികളുടെയും 5 സിക്സറുകളുടെയും അകമ്പടിയോടെ 84 റൺസ് ഡുപ്ലസി നേടി. കോഹ്ലി 47 പന്തുകളിൽ 5 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 59 റൺസാണ് നേടിയത്. എന്നാൽ ഇരുവരും കൂടാരം കയറിയ ശേഷമെത്തിയ ബാറ്റർമാർക്ക് അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല. ഇതോടെ അവസാന ഓവറുകളിൽ സ്കോറിങ് ഉയർത്തുന്നതിൽ ബാംഗ്ലൂർ പരാജയപ്പെട്ടു. എന്നിരുന്നാലും നിശ്ചിത 20 ഓവറുകളിൽ 174 റൺസാണ് ബാംഗ്ലൂർ നേടിയത്.

മറുപടി ബാറ്റിംഗിൽ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല പഞ്ചാബിന് ലഭിച്ചത്. പ്രഭ്സിംറാൻ ഒഴികെയുള്ള മറ്റു ബാറ്റർമാരൊക്കെയും നിരാശപ്പെടുത്തി. മാത്യു ഷോർട്ട്(8) ലിവിങ്സ്റ്റൺ(2) കരൻ(10) എന്നിവരൊക്കെയും ചെറിയ സ്കോറിന് കൂടാരം കയറുകയുണ്ടായി. ഒരു വശത്തെ പ്രഭസിംറാൻ പഞ്ചാബിന്റെ പ്രതീക്ഷകൾ കാത്തു. മത്സരത്തിൽ 30 പന്തുകളിൽ 46 റൺസായിരുന്നു പ്രഭ്സിംറാൻ നേടിയത്. ഇന്നിങ്സിൽ 3 ബൗണ്ടറികളും 4 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. പിന്നീട് ഏഴാമനായേത്തിയ ജിതേഷ് ശർമ പഞ്ചാബിനായി അടിച്ചു തൂക്കുകയായിരുന്നു.

ജിതേഷ് ശർമ മത്സരത്തിൽ 27 പന്തുകളിൽ 41 റൺസാണ് നേടിയത്. എന്നാൽ അവസാന ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ ബാംഗ്ലൂർ വിക്കറ്റുകൾ വീഴ്ത്തിയതോടെ പഞ്ചാബ് ഓൾഔട്ട് ആവുകയായിരുന്നു. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് 4 ഓവറുകളിൽ കേവലം 21 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ വിത്തുകയുണ്ടായി. മത്സരത്തിൽ 24 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്.

Rate this post