
ചെണ്ടകളായി മുംബൈ ഇന്ത്യൻസ് 😵💫😵💫അടിച്ചു കസറി ഫാഫും കോഹ്ലിയും | RCB Victory
2023 ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തൂക്കിയെറിഞ്ഞ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. പൂർണ്ണമായും ബാംഗ്ലൂരിന്റെ ആധിപത്യം കണ്ട മത്സരത്തിൽ 8 വിക്കറ്റുകളുടെ ഉജ്വല വിജയമാണ് ബാംഗ്ലൂർ നേടിയിരിക്കുന്നത്. നായകൻ ഡുപ്ലസിയുടെയും വിരാട് കോഹ്ലിയുടെയും അങ്ങേയറ്റം മികവാർന്ന ബാറ്റിംഗ് പ്രകടനമാണ് ബാംഗ്ലൂരിനെ വിജയ വഴി കാണിച്ചത്. എല്ലാംകൊണ്ടും ബാംഗ്ലൂരിന് ഒരുപാട് ആത്മവിശ്വാസം നൽകുന്ന വിജയം തന്നെയാണ് ആദ്യ മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.
ഐപിഎൽ 2023ലെ അഞ്ചാം മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിchch ആദ്യ സമയങ്ങളിൽ തന്നെ ബാറ്റിംഗിനെ അനുകൂലിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ ഇതിനു വിപരീതമായി ആദ്യ സമയങ്ങളിൽ സീം ബോളിങ്ങിന് സഹായം ലഭിച്ചു. അതോടെ മുംബൈയുടെ മുൻനിരയെ തകർത്തെറിയാൻ ബാംഗ്ലൂരിന് സാധിച്ചു. നായകൻ രോഹിത് ശർമയും(1) ഇഷാൻ കിഷനുമടക്കം(10) പരാജയപ്പെട്ടപ്പോൾ മുംബൈ തകരുന്നതാണ് കണ്ടത്. എന്നാൽ തിലക് വർമ്മ ഒരു വശത്ത് ക്രീസിലുറച്ചതോടെ മുംബൈ ഭേദപ്പെട്ട സ്കോറിലേക്ക് കുതിച്ചു. മത്സരത്തിൽ 46 പന്തുകൾ നേരിട്ട് തിലക് വർമ്മ 9 ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 84 റൺസാണ് നേടിയത്. വർമ്മയുടെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 171 റൺസ് മുംബൈ നേടുകയുണ്ടായി.
മറുപടി ബാറ്റിംഗിൽ സ്വപ്നതുല്യമായ തുടക്കമാണ് ബാംഗ്ലൂരിന് ഡുപ്ലസിയും വിരാട് കോഹ്ലിയും നൽകിയത്. ആദ്യ ബോൾ മുതൽ അടിച്ചുതകർത്ത ഇരുവരും മുംബൈ ബോളർമാരെ കെട്ടുകെട്ടിക്കുകയായിരുന്നു. ലഭിച്ച അവസരങ്ങളിലൊക്കെയും പന്ത് ബൗണ്ടറി കടത്താൻ ഇരുവരും മറന്നില്ല. ഇന്നിംഗ്സിൽ 43 പന്തുകൾ നേരിട്ട ഡ്യൂപ്ലസി 73 റൺസാണ് നേടിയത്. 49 പന്തുകളിൽ റൺസ് 82 നേടി വിരാട് കോഹ്ലിയും ഇന്നിംഗ്സിൽ നിറഞ്ഞാടി. ഇതോടെ ബാംഗ്ലൂർ അനായാസം വിജയത്തിൽ എത്തുകയായിരുന്നു. 8 വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ ബാംഗ്ലൂർ നേടിയത്.
മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച് മത്സരത്തിൽ ആകെ പോസിറ്റീവായുള്ളത് തിലക് വർമ്മയുടെ പ്രകടനമാണ്. അതൊഴിച്ചു നിർത്തിയാൽ തീർത്തും നിരാശാജനകമായ പ്രകടനം തന്നെയാണ് മറ്റു മുംബൈ താരങ്ങൾ കാഴ്ചവച്ചത്. ഇത്ര വലിയ താരനിര അണിനിരന്നിട്ടും ഇങ്ങനെ ഒരു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് മുംബൈ ക്യാമ്പിൽ ചർച്ചയായേക്കാം. എന്നിരുന്നാലും ഇനിയുള്ള മത്സരങ്ങളിൽ മുംബൈ തങ്ങളുടെ പ്രതാപകാല ഫോമിലേക്ക് തിരികെ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.