7,8 വർഷം വരെ ധോണി ഇനിയും കളിക്കും… മഹാ പ്രവചനവുമായി അശ്വിൻ

2008 പ്രഥമ ഐപിഎൽ സീസണിന്റെ ഭാഗമായിരുന്ന ഭൂരിഭാഗം കളിക്കാരും ഇന്ന് ക്രിക്കറ്റ് കളത്തിൽ നിന്ന് തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, പ്രഥമ ഐപിഎൽ സീസൺ മുതൽ ഇന്നും ഐപിഎല്ലിൽ സജീവമായി കളിക്കുന്ന ചില താരങ്ങൾ ഉണ്ട്. അതിലൊരാളാണ് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. എന്നാൽ, പുരോഗമിക്കുന്ന ഐപിഎൽ 16-ാം സീസൺ തന്റെ അവസാനത്തെ സീസൺ ആയിരിക്കും എന്ന് ധോണി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ആരാധകരിൽ വലിയ ഒരു വിഭാഗവും ധോണി വിരമിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ്. ഇപ്പോൾ, മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരവും നിലവിൽ രാജസ്ഥാൻ റോയൽസിന്റെ താരവുമായ രവിചന്ദ്രൻ അശ്വിനും ഇതേ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. ധോണി ഉടനെയൊന്നും വിരമിക്കരുത് എന്നാണ് തന്റെ ആഗ്രഹമെന്നും, അദ്ദേഹം കൂടുതൽ ശക്തനായിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് അശ്വിൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.

“ധോണി ഉടനെയൊന്നും വിരമിക്കരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹം ഇന്നും കൂടുതൽ ശക്തനായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹം ട്രാക്ടർ ഓടിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ബൈസപ്സ് ഒക്കെ ഇപ്പോഴും വളരെ കരുത്തുള്ളതാണ്. മൂന്ന് നാലോ സീസണുകളിൽ കൂടി അദ്ദേഹത്തിന് സുഖമായി കളിക്കാവുന്നതാണ്. ഏഴോ എട്ടോ സീസണുകളിൽ കൂടി അദ്ദേഹം ഐപിഎല്ലിൽ കളിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,” അശ്വിൻ പറഞ്ഞു.

ഈ സീസണിൽ ധോണിയുടെ പ്രകടനം മോശമാകും എന്ന് ചിലർ കരുതിയിരുന്നെങ്കിലും, വിമർശകരുടെ വായ അടപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഫിനിഷറുടെ റോളിൽ തിളങ്ങാൻ ഈ സീസണിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെങ്കിലും, അവസാന ഓവറുകളിലെ വമ്പൻ വെടിക്കെട്ട് പ്രകടനങ്ങളിലൂടെ ഈ സീസണിലും ആരാധകരെ വിസ്മയം കൊള്ളിച്ചുക്കൊണ്ടിരിക്കുകയാണ് എംഎസ് ധോണി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ധോണി തകർപ്പൻ പ്രകടനം പുറത്തെടുത്ത്, ഒരു സമയത്ത് പ്രതീക്ഷ നഷ്ടപ്പെട്ട സിഎസ്കെയെ വിജയത്തിന്റെ തൊട്ടരികിൽ എത്തിച്ച പ്രകടനം എല്ലാം ധോണി ആരാധകർക്ക് ആവേശം പകരുന്നതായിരുന്നു.

Rate this post