കലിപ്പടക്കാനാകാതെ സഹതാരത്തിന്റെ ചെക്കിട്ടത്തടിച്ച് പാക് ബൗളർ😮😮😱വിമർശനവുമായി ക്രിക്കറ്റ്‌ ലോകം

പാകിസ്ഥാൻ സൂപ്പർ ലീഗ് വീണ്ടും മോശം പെരുമാറ്റത്തിന്റെ പേരിൽ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയാകുന്നു. ഓസ്ട്രേലിയൻ ഓൾറൗണ്ടർ ജെയിംസ് ഫോക്നറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കത്തി നിന്നിരുന്ന വിവാദം, കെട്ടണയുന്നതിന് മുന്നേ, കഴിഞ്ഞ ദിവസം നടന്ന പിഎസ്എൽ മത്സരത്തിനിടെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ പേരിൽ ബൗളർ തന്റെ സഹതാരത്തിന്റെ മുഖത്തടിച്ചതാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകം ചർച്ച ചെയ്യുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ച പാകിസ്ഥാൻ സൂപ്പർ ലീഗിൽ നടന്ന പെഷവാർ സാൽമി ലാഹോർ ഖലന്ദർസ് മത്സരത്തിനിടെയാണ് വിവാദത്തിന് ആസ്പതമായ സംഭവം നടക്കുന്നത്. മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ, രണ്ടാം ഓവർ എറിയാനെത്തിയ ഖലന്ദർസ് ബൗളർ ഹാരിസ് റൗഫ്, തന്റെ അഞ്ചാം പന്തിൽ സാൽമി ഓപ്പണർ മുഹമ്മദ്‌ ഹാരിസിനെ ഫവാദ് അഹ്‌മദിന്റെ കൈകളിൽ എത്തിച്ച് മത്സരത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

അതിന് പിന്നാലെ ലാഹോർ ഖലന്ദർസ് ടീം അംഗങ്ങൾ വിക്കറ്റ് ആഘോഷിക്കാൻ റൗഫിന്റെ അടുത്തേക്ക് ഓടി വന്നു. എന്നാൽ, റൗഫ് എല്ലാവർക്കും കൈകൾ കൊടുത്തപ്പോൾ, ഖലന്ദർസ് ടീം അംഗമായ കമ്രാൻ ഗുലാമിന്റെ മുഖത്ത് അടിക്കുകയും, ഉന്തി മാറ്റുകയും ചെയ്യുന്നത് വീഡിയോയിൽ ദൃശ്യമാണ്. എന്നിരുന്നാലും, ഉടനെ തന്നെ ഷഹീൻ അഫ്രീദി ഉൾപ്പടെയുള്ള സഹതാരങ്ങൾ എത്തി, അത് വലിയ പ്രശ്നമാക്കാതെ ഗുലാമിന് കൈകൾ കൊടുക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ, ഹാരിസ് റൗഫ് എറിഞ്ഞ അതേ ഓവറിലെ രണ്ടാം പന്തിൽ, സാൽമി ഓപ്പണർ ഹസറത്തുള്ള സാസൈയുടെ ക്യാച്ച് കൈവിട്ട് തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയ കമ്രാൻ ഗുലാമിനോടുള്ള ദേഷ്യമാണ് ഹാരിസ് റൗഫ് പ്രകടിപ്പിച്ചത് എന്നത് വ്യക്തമായിരുന്നു. എന്തുതന്നെ ആയാലും, പാകിസ്ഥാൻ സൂപ്പർ ലീഗിന് ഈ സംഭവം ക്രിക്കറ്റ്‌ ലോകത്ത് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.