അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ലോകകപ്പ്‌ നെടുമ്പോൾ മാത്രം എന്റെ കല്യാണം 😱 ഞെട്ടിച്ച് റാഷിദ് ഖാൻ

എഴുത്ത് :പ്രിൻസ് റഷീദ് (മലയാളി ക്രിക്കറ്റ് സോൺ );റാഷിദ്‌ ഖാൻ എന്ന അഫ്ഗാൻ ക്രിക്കറ്റർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ കൂടിയാണ് ഇത്. “അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ്‌ ലോകകപ്പ്‌ നെടുമ്പോൾ മാത്രം എന്റെ കല്യാണം “അന്ന് റാഷിദ് ഖാൻ പറഞ്ഞത് ഇങ്ങനെയാണ്.ആധുനിക ക്രിക്കറ്റിന്റെ ലക്ഷണ ശാസ്ത്രം അനുസ്സരിച്ചു ഒന്നുമൊന്നും അല്ലാത്ത ഒരു ഇത്തിരി കുഞ്ഞൻ രാജ്യത്തു നിന്നും വരുന്ന ആ ചെറുപ്പക്കാരന്റെ വാക്കുകളോട് എന്നാൽ വളരെ ഏറെ പരിഹാസത്തെയോടെയാണ് ഇന്ത്യക്കാർ പ്രതികരിച്ചത്. ക്രിക്കറ്റ്‌ ഗ്രുപ്പുകളിൽ ഓക്കെ റാഷിദ്‌ ഖാൻ എതിരെ ട്രോൾ മഴക്കാലം തന്നെയായിരുന്നു അന്ന്.

താലി ബാൻ ഭരണകാലത്തു കാൽമുട്ട് മറയാത്ത ഷോർട്ട് ട്രൗസർ ഇട്ട് കളിക്കുന്ന മുഴുവൻ കായിക വിനോദങ്ങളും നിരോധിക്കപ്പെട്ടപ്പോഴും ഫുൾ പാന്റ്സ് ഇട്ടു കളിക്കുന്ന കായിക വിനോദം ആയതു കൊണ്ടു ക്രിക്കറ്റിന് മാത്രം ചില ഇളവുകൾ ലഭിച്ചിരുന്നു. ശ്വാസം മുട്ടുന്ന അടിമത്വത്തിനിടയിലും ഭയപ്പെടാതെ ഒരു തലമുറ ചോര മണക്കുന്ന ഈ അഫ്ഗാനിസ്ഥാനിലെ തെരുവുകളിൽ ക്രിക്കറ്റ്‌ കളിച്ചു വളർന്നു. ക്രിക്കറ്റ്‌ പരിശീലനത്തിനുള്ള യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ഒരു രാജ്യത്തിന്റെ എറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല അവിടെ നിന്നും ഒരു ലോകോത്തര ക്രിക്കറ്റ്‌ താരം ജനിക്കുമെന്ന്.അവിടെ നിന്നാണ് ചാരം മൂടിയ ഇന്നലെകളിൽ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന അഫ്ഗാൻ ക്രിക്കറ്റിന്റെ മിശിഹാ അവതരിച്ചത്

ലോകോത്തര താരങ്ങൾ പങ്കെടുക്കുന്ന ഐപിഎൽ എന്ന ക്രിക്കറ്റ് അത്ഭുത മാമാങ്കത്തിലേക്കു ഒരു വൈൽഡ് കാർഡ് എൻട്രി പോലെ റാഷിദ്‌ ഖാൻ എന്ന കൗമാരം വിട്ടു മാറിയിട്ടില്ലാത്ത നാണം കുണുങ്ങി അഫ്ഗാനി ചെക്കൻ ചുവടു വച്ചെത്തിയത്. പുകൾ പെറ്റ ചാമ്പ്യൻ ബാറ്റിസ്മാന്മാർ അയാളുടെ പന്തിന്റെ ഗതിയറിയാതെ ക്രീസിൽ നിന്നും വട്ടം കറങ്ങി. വിക്കെറ്റെടുക്കുമ്പോൾ അമിതമായി ആഘോഷിക്കുകയോ ബാറ്റിസ്മാന്മാർ അയാളെ സിക്സർ പറത്തുമ്പോൾ അമിതമായി ഒരുവേള ദേഷ്യപ്പെടുകയോ ചെയ്യാത്ത ഒരു സന്യാസിയുടെ മുഖഭാവം ആയിരുന്നു ആ ചെറുപ്പക്കാരന്. കാരണം എക്കാലവും അയാൾക്കറിയാമായിരുന്നു അയാളുടെ കളിക്കളത്തിലെ ഒരു മോശം പെരുമാറ്റത്തിന്റെ പേരിൽ കുറ്റ വിചാരണ ചെയ്യപ്പെടാൻ പോകുന്നത് ഒരു ജനത മുഴുവനും ആയിരിക്കുമെന്ന്

ആ നാണം കുണുങ്ങി ചെക്കൻ ആണു തല ഉയർത്തി പിടിച്ചു ലോകത്തോട് വിളിച്ചു പറഞ്ഞത് താലിബാൻ വിസ്മയം അല്ല വിപത്താണ് എന്ന്.അഫ്ഗാൻ ക്രിക്കറ്റ്‌ ടീമിനെ ബാൻ ചെയ്യാൻ ഉള്ള ആലോചനകൾ ഐ സി സി യിൽ നടക്കുമ്പോൾ റാഷിദ്‌ ഖാനെ പോലെയാകാൻ കൊതിച്ചു അത്താഴ പട്ടിണി കിടന്നു മിച്ചം പിടിക്കുന്ന പണം കൊണ്ടു മക്കൾക്ക്‌ ക്രിക്കറ്റ്‌ കിറ്റ് വാങ്ങി നൽകുന്ന കുറെ ഗതികെട്ട മനുഷ്യരുടെ സ്വപ്‌നങ്ങൾ വിടരും മുൻപേ കൊഴിഞ്ഞു വീഴുകയാണ്.ഈ ട്വന്റി ട്വന്റി ലോക കപ്പ് ഒരു പക്ഷേ റാഷിദ്‌ ഖാന് മുന്നിലുള്ള അവസാന അവസരം ആയിരിക്കും. ഈ കപ്പ്‌ നേടാൻ അവർക്കായാൽ ഈ രാജ്യത്തെ ക്രിക്കറ്റിൽ നിന്നും ബാൻ ചെയ്യാൻ ഉള്ള തീരുമാനത്തിൽ നിന്നും ഐ സി സി പിന്മാറിയേക്കാം.

എനിക്കുറപ്പാണ് അരയും തലയും മുറുക്കി ഈ ചെറുപ്പക്കാരൻ മുന്നിൽ നിന്നും നയിക്കാൻ ഇറങ്ങുമ്പോൾ ഹൃദയം കൊണ്ടു ക്രിക്കറ്റ്‌ കളിക്കുന്ന ഈ ടീമിനെ തോൽപ്പിക്കാൻ ഇക്കുറി എതിരാളികൾ ശരിക്കും വിയർക്കും.പ്രാർത്ഥനകളോട് കാത്തിരിക്കുന്ന ഒരു ജനതയുടെ മുഴുവൻ പിന്തുണയും അവർക്കുണ്ട്. ശ്വാസം മുട്ടുന്ന അടിമത്വത്തിൽ നിന്നും അവരുടെ മക്കളെയെങ്കിലും രക്ഷിച്ചെടുക്കാൻ അവരുടെ മുന്നിൽ അവശേഷിക്കുന്ന അവസാനത്തെ വഴി വിളക്കാണ് ക്രിക്കറ്റ്‌. ക്രിക്കറ്റ്‌ ലോകത്തെ വമ്പൻ മാരെ മുഴുവൻ തോൽപ്പിച്ചു ജയിച്ചു കയറാൻ അവർക്കാകുമോ എന്നറിയില്ല. “വിശ്വം കീഴടക്കി വീരാളി പട്ടുടുത്തു വിജയിച്ചു വാ നീയെൻ മകനെ”

Rate this post