രാജ്യത്തിനാണോ ഫ്രാഞ്ചൈസിക്കാണോ മുൻഗണന? വ്യക്തമായ മറുപടി നൽകി റാഷിദ്‌ ഖാൻ

അഫ്ഗാനിസ്ഥാൻ ലെഗ്-സ്പിന്നർ റാഷിദ് ഖാൻ, 2015-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ, തന്റെ അതുല്യമായ ബൗളിംഗ് മികവ് കൊണ്ട് ലോക ക്രിക്കറ്റിനെ തന്നെ അമ്പരപ്പിച്ച താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരെ വരെ കുഴപ്പിക്കുന്ന ബൗളിംഗ് പുറത്തെടുക്കുന്ന റാഷിദ്‌ ഖാൻ, പവർ ഹിറ്റിംഗിനും പേരുകേട്ട താരമാണ്. പ്രത്യേകിച്ച് ഡെത്ത് ഓവറുകളിൽ റാഷിദ്‌ പുറത്തെടുക്കുന്ന ബാറ്റിംഗ് വൈധഗ്ദ്യവും ശ്രദ്ധേയമാണ്.

അടുത്തിടെ, ഫ്രാഞ്ചൈസി ക്രിക്കറ്റിന് മുൻഗണന നൽകുന്നതിലും ദേശീയ ടീമിന് അർഹമായ പ്രാധാന്യം നൽകുന്നതിലും 23 കാരനായ റാഷിദ്‌ ഖാൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുന്ന റാഷിദ് ഖാൻ തന്റെ രാജ്യമായ അഫ്ഗാനിസ്ഥാനാണ് തനിക്ക് പ്രശസ്തിയും ഭാഗ്യവും നൽകിയതെന്നും അതിനാൽ രാജ്യത്തിന് വേണ്ടി കളിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കി.

“ഞാൻ ആദ്യം അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ചാണ് കളിച്ചത്, അതുവഴിയാണ് വിവിധ ലീഗുകളിൽ എത്തിയത്. അതിനാൽ, രാജ്യമാണ് എനിക്ക് എപ്പോഴും ഒന്നാമത്. ജീവിതത്തിൽ നമ്മൾ എവിടെ പോയാലും നമ്മുടെ രാജ്യത്തെ ഒരിക്കലും മറക്കാൻ കഴിയില്ല,” റാഷിദ് ഖാൻ പറഞ്ഞു. ഫെബ്രുവരിയിൽ, മുൾട്ടാൻ സുൽത്താനും ലാഹോർ ഖലന്ദേഴ്സും തമ്മിലുള്ള പിഎസ്എൽ 2022 ഫൈനലിൽ നിന്ന് വിട്ടുനിന്ന് ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാനു വേണ്ടി കളിക്കാൻ റാഷിദ്‌ മുൻഗണന നൽകിയിരുന്നു.

“രാജ്യത്തിനും ക്ലബ്ബിനും ഇടയിൽ ഒരു തിരഞ്ഞെടുക്കൽ വരുമ്പോൾ, എനിക്ക് ഒരിക്കലും ആശയക്കുഴപ്പം ഉണ്ടാകില്ല. ഞാൻ അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചില്ലായിരുന്നെങ്കിൽ ആരും എന്നെ അറിയുമായിരുന്നില്ല. എനിക്ക് എല്ലാം തന്നത് എന്റെ രാജ്യമാണ്. നമ്മുടെ രാജ്യത്തിന് നമ്മളെ ആവശ്യമുള്ളപ്പോൾ, നമ്മൾ അവർക്കൊപ്പം പോകുന്നില്ലെങ്കിൽ അത് ന്യായമല്ല. നമ്മുടെ രാജ്യത്തോടുള്ള പ്രതിബദ്ധതയെ മറികടക്കാൻ ഒന്നിനും കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.