ദിവസവും ക്രിക്കറ്റ് പരിശീലനത്തിനായി 50 കിലോമീറ്റർ ദൂരം സഞ്ചരിച്ച ആ പോരാളി ഇന്ന് ഐപിഎല്ലിൽ എത്തിയിരിക്കുന്നു

ചെന്നൈ സൂപ്പർ കിംഗ്സ് കഴിഞ്ഞ ദിവസം നടന്ന മിനി താരലേലത്തിൽ സ്വന്തമാക്കിയ ഷെയ്ഖ് റഷീദ്, തന്റെ ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളെ തരണം ചെയ്തിട്ടുള്ള ഒരു പ്രതിപാദനനായ ഓൾറൗണ്ടർ ആണ്. 18 വയസ്സും 91 ദിവസവും പ്രായമുള്ള ഷെയ്ഖ് റഷീദ്, ആന്ധ്ര പ്രദേശ് സ്വദേശിയാണ്. തന്റെ ചെറിയ പ്രായം മുതൽ ക്രിക്കറ്റ് എന്ന സ്വപ്നം മനസ്സിൽ കൊണ്ടുനടന്നിരുന്ന ഷെയ്ഖ് റഷീദിന്, ഏറ്റവും വലിയ പിന്തുണ നൽകിയിരുന്നത് അദ്ദേഹത്തിന്റെ പിതാവ് ആയിരുന്നു.

ദിവസവും ക്രിക്കറ്റ് പരിശീലനത്തിനായി 50 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഷെയ്ഖ് റഷീദ് ക്യാമ്പിൽ എത്തിയിരുന്നത്. മകനൊപ്പം ദിവസവും കൂട്ടായി സഞ്ചരിച്ചിരുന്ന പിതാവിന്, ദിവസവും ജോലിയിൽ വൈകി എത്തിയതിനെ തുടർന്ന് ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. തന്റെ വരുമാന മാർഗം മുടങ്ങിയിട്ടും, മകനെ നിരാശപ്പെടുത്താതെ അവന്റെ ആഗ്രഹത്തിനൊപ്പം തന്നെ നിലകൊണ്ട ആ പിതാവിന്റെ വിജയം കൂടിയാണ് ഇന്ന് ഷെയ്ഖ് റഷീദ് എന്ന കളിക്കാരനെ കുറിച്ച് ക്രിക്കറ്റ് ലോകം സംസാരിക്കുന്നു എന്നുള്ളത്.

വലംകയ്യൻ ബാറ്ററും ലെഗ്ബ്രേക്ക്‌ ബൗളറുമായ ഷെയ്ഖ് റഷീദ്, ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ്. നേരത്തെ ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന ഷെയ്ഖ് റഷീദ്, ഇന്ത്യ ചാമ്പ്യൻമാരായ കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു. കോവിഡ് പിടിപെട്ടതിനെ തുടർന്ന് ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾ നഷ്ടമായെങ്കിലും, ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഷെയ്ഖ് റഷീദ് കളിച്ചിരുന്നു.

ശേഷം, ആന്ധ്ര പ്രദേശിനായി സെയ്ദ് മുസ്താഖ് അലി ട്രോഫി, രഞ്ജി ട്രോഫി തുടങ്ങിയ ടൂർണമെന്റുകളിൽ ഷെയ്ഖ് റഷീദ് അരങ്ങേറ്റം കുറിച്ചു. ഇതുവരെ നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഷെയ്ഖ് റഷീദ് 208 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 3 ടി20 മത്സരങ്ങളിൽ നിന്ന് 56 റൺസും ഒരു വിക്കറ്റും ആണ് ഷെയ്ഖ് റഷീദിന്റെ സമ്പാദ്യം. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ എംഎസ് ധോണിക്ക് കീഴിലാണ് ഷെയ്ഖ് റഷീദിന് കളിക്കാൻ അവസരം ലഭിച്ചിരിക്കുന്നത് എന്നത് തന്നെ, അദ്ദേഹത്തിന്റെ ഭാവി ഭദ്രമായി എന്ന് കണക്കാക്കാം.

3/5 - (2 votes)