ബാങ്ക് ജോലി കളഞ്ഞു മകനൊപ്പം നിന്ന അച്ഛൻ 😱അണ്ടർ 19 കിരീടവുമായി മകൻ സൂപ്പർ സമ്മാനം

അണ്ടർ 19 അന്താരാഷ്‌ട്ര മത്സരങ്ങൾ എല്ലാകാലത്തും ഇന്ത്യൻ ടീമിലേക്ക് മികച്ച യുവതിപ്രഭകളെ കണ്ടെത്തി നൽകാറുണ്ട്. പ്രത്യേകിച്ച്, അണ്ടർ 19 ലോകകപ്പുകളിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ, ഭാവിയിൽ ഇന്ത്യൻ സീനിയർ ടീമിന്റെ അംഗങ്ങളായി മാറുന്നതിന് വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ശിഖർ ധവാൻ തുടങ്ങിയവർ നമുക്ക് മുന്നിലെ ഉദാഹരണങ്ങളാണ്. അത്തരത്തിൽ 2022 അണ്ടർ 19 ലോകകപ്പും നിരവധി യുവതാരങ്ങളെ ആണ് ഭാവിയിലേക്ക് വാഗ്ദാനം ചെയ്യുന്നത്.

അതിലൊരാളാണ്, ഇന്ത്യയുടെ അണ്ടർ 19 ടീം വൈസ് ക്യാപ്റ്റൻ ഷെയ്ക് റഷീദ്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ 17 കാരൻ, അണ്ടർ 19 ലോകകപ്പിന്റെ സെമിയിലും ഫൈനലിലും അർദ്ധസെഞ്ച്വറി നേടി ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. എന്നാൽ, ഈ ഗുണ്ടൂരുകാരൻ പയ്യൻ ഇന്നു എത്തിയിരിക്കുന്ന താരതിളക്കത്തിൽ എത്തിപ്പെടാൻ നടത്തിയ യാത്ര അത്ര എളുപ്പമുള്ള വഴികളിലൂടെ അല്ലായിരുന്നു.ചെറുപ്രായത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ച റഷീദിന്, അവന്റെ പിതാവ് ഷെയ്ഖ് ബലിഷയുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.

കുട്ടിക്കാലത്ത് ഒരു ആഭ്യന്തര ലീഗിൽ മികച്ച പ്രകടനം നടത്തിയതിന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മന്റെ കയ്യിൽ നിന്ന് ഒരു ഉപഹാരം ഏറ്റുവാങ്ങിയ റഷീദ്, അന്നുമുതൽ ക്രിക്കറ്റിനെ കൂടുതൽ സീരിയസായി കണ്ടു. ഒരു ക്രിക്കറ്റ് കളിക്കാരനാകാൻ വളരെയധികം ആഗ്രഹമുണ്ടായിട്ടും, ജീവിതപ്രാരാബ്ധം മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ട വ്യക്തിയാണ് റഷീദിന്റെ പിതാവ്. അതുകൊണ്ട് തന്നെ, ക്രിക്കറ്റിനോടുള്ള മകന്റെ അഭിനിവേശം മനസ്സിലാക്കിയ പിതാവ്, അവനെ തന്റെ സാമ്പത്തിക പ്രയാസങ്ങളിലും പരിശീലനത്തിന് അയക്കാൻ തീരുമാനിച്ചു.

തന്റെ ഇളയ മകന്റെ കഴിവും നിശ്ചയദാർഢ്യവും കഴിവും കണ്ടപ്പോൾ, തന്റെ മകന് ശരിയായ ക്രിക്കറ്റ് പരിശീലനം നൽകാൻ സാധ്യമായതെല്ലാം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം റഷീദിനെ ദിവസവും തന്റെ വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ക്രിക്കറ്റ്‌ അക്കാദമിയിലേക്ക് ട്രെയിനിൽ കൊണ്ടുപോയി. ദിവസവുമുള്ള യാത്ര അദ്ദേഹത്തിന്റെ ബാങ്ക് ജോലിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ, അദ്ദേഹത്തിന് തന്റെ ജോലിയും നഷ്ടപ്പെട്ടു. എങ്കിലും, ആ പിതാവ് തന്റെ മകന്റെ ആഗ്രഹത്തോടൊപ്പം ഉറച്ചു നിന്നു. ആ പിതാവിന്റെ നിശ്ചയദാർഢ്യമാണ് ഇന്ന് ഷെയ്ഖ് റഷീദ് എന്ന ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ജേതാവായ വൈസ് ക്യാപ്റ്റൻ.