ആർക്കും ഈ നേട്ടമില്ല 😳ഇന്ത്യക്ക് സ്വന്തമായി ഏകദിന ക്രിക്കറ്റിലെ ഈ നേട്ടം

ദക്ഷിണാഫ്രിക്കക്കെതിരായ റാഞ്ചി ഏകദിനത്തിലെ തകർപ്പൻ ജയത്തോടെ, മറ്റൊരു ടീമിനും ഇതുവരെ എത്തിപ്പെടാൻ സാധിക്കാത്ത അപൂർവ്വമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയും, തുടർന്ന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് നേടുകയും ചെയ്തു. റീസ ഹെൻഡ്രിക്സ് (74), ഐഡൻ മാർക്രം (79) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി, ഇഷാൻ കിഷൻ (93), ശ്രേയസ് അയ്യർ (113*) എന്നിവർ തകർത്തടിച്ചതോടെ, 17 പന്തുകൾ ശേഷിക്കെ 7 വിക്കറ്റ് ബാക്കിനിൽക്കെ ടീം ഇന്ത്യ വിജയലക്ഷ്യം മറികടന്നു. 7 വിക്കറ്റ് ജയത്തോടെ, 3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ഒരു മത്സരം ശേഷിക്കെ ഇന്ത്യ ദക്ഷിണാഫ്രിക്കക്കൊപ്പം 1-1 സമനിലയിൽ എത്തി. റാഞ്ചി ദിനത്തിലെ ജയത്തോടെ, ഇന്ത്യയ്ക്ക് ഒരു അപൂർവ്വ റെക്കോർഡും സ്വന്തമായി.

ഏകദിന ഫോർമാറ്റിൽ 300 മത്സരങ്ങൾ ചെയിസിംഗിലൂടെ വിജയിച്ച ഏക ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ 300-ാമത്തെ ഏകദിന ചെയിസിംഗ് വിജയമാണ് ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ റാഞ്ചിയിൽ നേടിയത്. ഈ നേട്ടത്തിൽ ഇന്ത്യക്ക് തൊട്ടു പിറകിലുള്ള ടീമുകൾ ഇന്ത്യയെക്കാൾ ഏറെ പിന്നിലാണ് എന്നത് ശ്രദ്ധേയമാണ്. 257 ചെയ്‌സിംഗ് വിജയങ്ങൾ പേരിലുള്ള ഓസ്ട്രേലിയ ആണ് ഈ പട്ടികയിൽ രണ്ടാമത്.

237 ഏകദിന ചെയ്‌സിംഗ് വിജയങ്ങളുമായി വെസ്റ്റ് ഇൻഡീസ് ഈ പട്ടികയിൽ മൂന്നാമതാണ്. അതേസമയം, ടി20 ഫോർമാറ്റിലും ഏറ്റവും കൂടുതൽ ചെയ്‌സിംഗ് വിജയങ്ങൾ ഉള്ള ടീം ഇന്ത്യയാണ്. ടി20 ഫോർമാറ്റിൽ 60 ചെയ്‌സിംഗ് വിജയങ്ങളാണ് ഇന്ത്യയുടെ പേരിൽ ഉള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ നിർണായകവും അവസാനത്തേതുമായ മത്സരം നാളെ ഡൽഹിയിൽ നടക്കും.