ധോണിയേയും കോഹ്‌ലിയേയും മറികടന്ന് ഹർദിക് പാണ്ഡ്യ ; എലൈറ്റ് റെക്കോർഡ് നേട്ടവുമായി ഹർദിക്

ആവേശം നിറഞ്ഞ ഐപിഎൽ പതിനഞ്ചാം പതിപ്പിന് സമാപനം ആയിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ്‌, ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്‌ തുടങ്ങിയ വമ്പൻ ടീമുകളെല്ലാം നിരാശപ്പെടുത്തിയ സീസണിൽ യുവനായകന്മാർ നയിച്ച രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസുമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ ഐപിഎല്ലിലെ പുതുമുഖങ്ങളായ ഗുജറാത്ത് ടൈറ്റൻസ് ചാമ്പ്യൻമാരാവുകയും ചെയ്തു.

ഹാർദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസ് ഒരു കളിക്കാരന്റെയും വ്യക്തിഗത മികവിലല്ല ജേതാക്കളായത്. ഓരോ അംഗങ്ങളും തങ്ങളുടെ ചുമതല കൃത്യമായി വഹിക്കുകയും ഓരോ മത്സരത്തിലും വ്യത്യസ്ത റോളുകൾ ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് ഒരു ടീം വർക്ക് ആയിയാണ് ഗുജറാത്ത് ടൈറ്റൻസ് അവരുടെ അരങ്ങേറ്റ ഐപിഎൽ സീസണിൽ പ്രയാണം നടത്തിയതും കിരീടം സ്വന്തമാക്കുകയും ചെയ്തത്.

ഗുജറാത്ത് ടൈറ്റൻസ് ജേതാക്കളായതോടെ ഒരു റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. ഐപിഎൽ കിരീടം നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ. ഈ ടൂർണമെന്റിൽ 15 മത്സരങ്ങളിലാണ് ഹർദിക് പാണ്ഡ്യ ഗുജറാത്തിനെ നയിച്ചത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയാണ് ഐപിഎൽ കിരീടം നേടുന്ന ഏറ്റവും വേഗതയേറിയ ക്യാപ്റ്റൻ.

2013 ഐപിഎൽ സീസണിൽ റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങിയത്. എന്നാൽ, 6 മത്സരങ്ങൾക്ക് ശേഷം രോഹിത് ശർമ്മ ക്യാപ്റ്റൻസി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന്, സീസണിൽ ഉടനീളം ഫൈനൽ ഉൾപ്പെടെ 13 മത്സരങ്ങളിൽ രോഹിത് ശർമ മുംബൈയെ നയിച്ചു. മുംബൈ ഇന്ത്യൻസ് 2013 സീസണിൽ അവരുടെ കന്നി ഐപിഎൽ കിരീടം സ്വന്തമാക്കുകയും ചെയ്തു.

Rate this post