വർഷത്തിൽ രണ്ട് ഐപിൽ!!!വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

വർഷത്തിൽ രണ്ട് ഐപിഎൽ സീസണുകൾ എന്ന ആശയത്തെ സ്വാഗതം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര രംഗത്തെത്തി. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര ഫ്രാഞ്ചൈസി ക്രിക്കറ്റിലെ വലിയ മാറ്റം ഉടനെ ഉണ്ടാവില്ല എന്നും കുറച്ച് വർഷങ്ങൾക്ക് ശേഷം മാത്രമേ ഉണ്ടാവു എന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഐപിഎൽ 15-ാം പതിപ്പിന്റെ വിജയകരമായ സമാപനത്തിന് പിന്നാലെയാണ് വർഷത്തിൽ രണ്ട് ഐപിഎൽ എന്ന ആശയം ഉയർന്നു വന്നത്.

ഐപിഎൽ 2022-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഗുജറാത്ത് ടൈറ്റൻസും അരങ്ങേറ്റം കുറിച്ചതോടെ, ലോകത്തിലെ റിച്ച് ക്രിക്കറ്റ്‌ ലീഗ് ഇതിനോടകം പത്ത് ടീമുകളുടെ മത്സരമായി മാറി. ഈ വർഷം മൊത്തം 74 ഐപിഎൽ മത്സരങ്ങൾ കളിച്ച, ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ വിജയിച്ചു. എങ്കിലും വരും വർഷങ്ങളിൽ മത്സരങ്ങളുടെ എണ്ണം കൂടാനാണ് സാധ്യത. ആകാശ് ചോപ്രയുടെ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ, ഒരു വർഷത്തിനുള്ളിൽ രണ്ട് ഐപിഎൽ പതിപ്പുകളുടെ സാധ്യതയെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സംസാരിച്ചു.

“ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, രണ്ട് ഐപിഎൽ ആവശ്യമാണോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ല. അത് നടക്കുമോ അതോ നടക്കില്ലേ? അതാണ് വലിയ ചോദ്യം, അത് സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നു. തിരക്കേറിയ അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിനെക്കുറിച്ച് നിരവധി കളിക്കാർ പരാതിപ്പെട്ടിട്ടുണ്ട്. രണ്ട് ഐപിഎൽ എഡിഷൻ ആശയം യാഥാർഥ്യമായാൽ കളിക്കാരുടെ ലഭ്യത ചോദ്യചിഹ്നമാകും. അഞ്ച് വർഷങ്ങൾക്ക് ശേഷം ഈ ആശയം നടപ്പിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ആകാശ് ചോപ്ര പറഞ്ഞു.

“ഇപ്പോൾ എന്തായാലും ഇത് സംഭവിക്കില്ല, അടുത്ത അഞ്ച് വർഷങ്ങളിലും ഇത് സംഭവിക്കില്ല, പക്ഷേ അതിന് ശേഷമുള്ള അഞ്ച് വർഷങ്ങളിൽ ഇത് സംഭവിക്കും. ഇത് 100% സംഭവിക്കും, ഒരു വലിയ ഐപിഎൽ ഉണ്ടാകും, അതിൽ 94 മത്സരങ്ങൾ ഉണ്ടാകും. മറ്റൊന്ന് ഒരു ചെറിയ ഐപിഎൽ ആയിരിക്കും, അത് ഒരു മാസത്തിനുള്ളിൽ അവസാനിക്കും, അവിടെ എല്ലാ ടീമുകളും ഒരിക്കൽ മാത്രമേ പരസ്പരം മത്സരിക്കു,” ആകാശ് ചോപ്ര പറഞ്ഞു.