കുട്ടിക്രിക്കറ്ററെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തി കെഎൽ രാഹുൽ ; സന്തോഷം പങ്കുവെച്ച് രാഹുൽ

കളിക്കളത്തിലെ പ്രകടനത്തിനോടൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. ഇപ്പോഴിതാ, അപൂർവ രക്തരോഗബാധിതനായ 11 വയസ്സുള്ള വളർന്നുവരുന്ന ക്രിക്കറ്റ് താരത്തിന്, അടിയന്തര അസ്ഥി മജ്ജ മാറ്റിവയ്ക്കൽ (ബിഎംടി) ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവന നൽകിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ.

2021 ഡിസംബറിൽ, ഇൻഷുറൻസ് ഏജന്റായ, വരദ് നലവാഡെയുടെ പിതാവ് സച്ചിനും അമ്മ സ്വപ്ന ഝായും മകന്റെ ചികിത്സയ്ക്കായി നൽകേണ്ട 35 ലക്ഷം രൂപ സ്വരൂപിക്കുന്നതിനായി ഒരു ക്യാമ്പയി‍ൻ ആരംഭിച്ചു. വരദിന്റെ വിവരം ശ്രദ്ധയിൽപ്പെട്ട ഉടനെ, രാഹുലിന്റെ സംഘം ക്യാമ്പയിൻ നടത്തുന്ന സംഘടനയുമായി ബന്ധപ്പെട്ടു.

കഴിഞ്ഞ സെപ്തംബർ മുതൽ, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ വരദ്, അപൂർവ രക്ത രോഗമായ അപ്ലാസ്റ്റിക് അനീമിയ കണ്ടെത്തിയതിനെത്തുടർന്ന് മുംബൈയിലെ ജസ്ലോക് ആശുപത്രിയിൽ ഹെമറ്റോളജിസ്റ്റുകളുടെ പരിചരണത്തിലായിരുന്നു. വരദിന്റെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് വളരെ കുറവായതിനാൽ, ഈ അവസ്ഥ കുട്ടിയുടെ പ്രതിരോധ സംവിധാനത്തെ അണുബാധയ്ക്ക് വരെ ഇരയാക്കുന്നു. ബിഎംടി മാത്രമായിരുന്നു വരദിന്റെ രോഗത്തിന് സ്ഥിരമായ ചികിത്സ.

ഇപ്പോഴിതാ ആ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്, രാഹുലിന് നന്ദി, വരദിന്റെ ഓപ്പറേഷൻ കഴിഞ്ഞു, ഇപ്പോൾ അവൻ സുഖം പ്രാപിച്ചുവരികയാണ്. സഹായത്തേക്കുറിച്ച് സംസാരിച്ച രാഹുൽ പറഞ്ഞു, “വരദിന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോൾ, ഞങ്ങളുടെ ടീം ഗിവ്ഇന്ത്യയുമായി ബന്ധപ്പെട്ടു, അതിനാൽ ഞങ്ങൾക്ക് കഴിയുന്ന വിധത്തിൽ അദ്ദേഹത്തെ സഹായിക്കാനായി.”

“ശസ്ത്രക്രിയ വിജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, അവൻ സുഖമായിരിക്കുന്നു. വരദ് എത്രയും വേഗം തിരിച്ചെത്തി അവന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തയ്യാറെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ സഹായം കൂടുതൽ കൂടുതൽ ആളുകൾ ഇത്തരം സഹായങ്ങൾക്കായി മുന്നോട്ട് വരാനും, അവരെ സഹായിക്കാനും പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” രാഹുൽ പറഞ്ഞു.