കപ്പ് ഇല്ലാത്ത റോയൽസിന് നാണക്കേട് മാത്രം ബാക്കി ; മോശം റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ച് സഞ്ജുവും കൂട്ടരും
ഐപിഎൽ പതിനഞ്ചാം പതിപ്പിന്റെ ഫൈനൽ മത്സരത്തിന് രാജസ്ഥാൻ റോയൽസ് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറെ പ്രതീക്ഷകളോടെയാണ് എത്തിയത്. എന്നാൽ, ബാറ്റർമാരുടെ മോശംപ്രകടനം രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയാണ് ഏൽപ്പിച്ചത്. ലീഗ് ഘട്ട മത്സരങ്ങളിലും ക്വാളിഫയർ മത്സരങ്ങളിലും ഉൾപ്പെടെ വലിയ സ്കോറുകൾ കണ്ടെത്തിയ രാജസ്ഥാൻ റോയൽസിന് ഫൈനലിൽ ആകെ നേടാനായത് 130 റൺസ് മാത്രമാണ്.
ഇതോടെ, ഒരു ഐപിഎൽ ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോർ എന്ന മോശം റെക്കോർഡാണ് രാജസ്ഥാനെ തേടിയെത്തിയത്. നാലു തവണ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ആണ് ഈ മോശം പട്ടികയിൽ തലപ്പത്ത്. 2013 ഐപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് 125 റൺസ് മാത്രമേ നേടാൻ ആയിരുന്നുള്ളൂ. ഈ ടോട്ടൽ ആണ് ഐപിഎൽ ചരിത്രത്തിൽ ഒരു ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോർ.

ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത് സ്റ്റീവ് സ്മിത്ത് നയിച്ച റൈസിംഗ് പൂനെ സൂപ്പർ ജിയന്റ്സ് ആണ്. 2017 ഐപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ 128 റൺസാണ് രണ്ടാമതായി ബാറ്റ് ചെയ്ത റൈസിംഗ് പൂനെ സൂപ്പർ ജിയന്റ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 129 റൺസ് ആയിരുന്നു നേടിയിരുന്നത്. മുംബൈ നേടിയ 129 റൺസ് എന്ന ടോട്ടൽ ആണ് ഐപിഎൽ ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും കുറവ് റൺസിൽ മൂന്നാമതായി നിൽക്കുന്നത്.
മുംബൈയ്ക്ക് പിറകിലായാണ് ഇപ്പോൾ രാജസ്ഥാൻ റോയൽസ് മോശം റെക്കോർഡ് പുസ്തകത്തിൽ നാലാമതായി ഇടം നേടിയിരിക്കുന്നത്. 2009 ഐപിഎൽ ഫൈനലിൽ ഡെക്കാൻ ചാർജേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ 137 റൺസാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.