ജയിച്ചു കുതിച്ചു സഞ്ജുവും ടീമും!! മുന്നിൽ നിന്നും നയിച്ചു സഞ്ജു സാംസൺ | Rajasthan Royals Victory

Rajasthan Royals Victory:ഐപിഎല്ലിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ഉഗ്രൻ വിജയം. ഡൽഹിക്കെതിരായ മത്സരത്തിൽ 57 റൺസിന്റെ വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ 5 റൺസിന് പരാജയപ്പെട്ട രാജസ്ഥാനെ സംബന്ധിച്ച് ഒരുപാട് ആത്മവിശ്വാസം നൽകുന്ന വിജയമാണ് ഗുവാഹത്തിയിൽ ഉണ്ടായിരിക്കുന്നത്. ബാറ്റിംഗിൽ രാജസ്ഥാനായി ജയിസ്വാളും ബട്ലറും അടിച്ചുതകർത്തപ്പോൾ ബോളിങ്ങിൽ ട്രന്റ് ബോൾട്ടും ചാഹലും തകർപ്പൻ പ്രകടനമാണ് രക്ഷയായത്. ഇതോടെ രാജസ്ഥാന് മികച്ച തുടക്കമാണ് 2023 ഐപിഎല്ലിൽ ലഭിച്ചിരിക്കുന്നത്.

ഗുവാഹത്തിയിൽ ടോസ് നേടിയ ഡൽഹി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനെ ബാറ്റിങ്ങിനയക്കാനുള്ള തീരുമാനം തുടക്കത്തിൽ തന്നെ പാളുന്നതാണ് കണ്ടത്. ആദ്യ ബോൾ മുതൽ രാജസ്ഥാൻ ഓപ്പണർമാർ അടിച്ചു തകർത്തു. ജയസ്വാളും ബട്ലറും ഡൽഹിയുടെ ഒരു ബോളറെ പോലും സെറ്റിലാവാൻ സമ്മതിച്ചില്ല. ജെയിസ്വാൾ 31 പന്തുകളിൽ 11 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും ബലത്തിൽ 60 റൺസാണ് മത്സരത്തിൽ നേടിയത്. ബട്ലർക്കൊപ്പം ചേർന്ന് 98 റൺസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് ജെയിസ്വാൾ കെട്ടിപ്പടുക്കുകയുണ്ടായി. ശേഷം അവസാന ഓവറുകളിൽ 21 പന്തുകളിൽ 39 റൺസ് നേടിയ ഹെറ്റ്മയറും അടിച്ചു തകർത്തതോടെ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 199 റൺസ് എന്ന സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ഡൽഹിക്ക് ആദ്യം തന്നെ പാളി. ഓപ്പണർമാരായ പൃഥ്വി ഷായും മനീഷ് പാണ്ടെയും ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ കൂടാരം കയറുകയുണ്ടായി. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ പൂജ്യരായി ആയിരുന്നു ഇരുവരും മടങ്ങിയത്. എന്നാൽ ക്യാപ്റ്റൻ ഡേവിഡ് വാർണറും(55) ലളിത് യാദവും(38) ക്രീസിലുറച്ചത് ഡൽഹിക്ക് ആശ്വാസമായി. എന്നിരുന്നാലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി രാജസ്ഥാൻ ബോളർമാർ കരുത്തുകാട്ടുന്നുണ്ടായിരുന്നു. മാത്രമല്ല കൃത്യമായ സമയങ്ങളിൽ സ്കോറിങ് റേറ്റ് ഉയർത്താനും ഡൽഹി ബാറ്റർമാർക്ക് സാധിച്ചില്ല. മത്സരത്തിൽ 57 റൺസിനാണ് ഡൽഹി പരാജയം വഴങ്ങിയത്.

മത്സരത്തിൽ രാജസ്ഥാന് എടുത്തുപറയാൻ സാധിക്കുന്നത് ബോളിങ്ങിലെ മികച്ച പ്രകടനമാണ്. കഴിഞ്ഞ മത്സരത്തിൽ ചാഹലും കെഎം ആസിഫും ഒരുപാട് റൺസ് വഴങ്ങുകയുണ്ടായി. എന്നാൽ ചാഹൽ ഈ മത്സരത്തിൽ കൃത്യമായ രീതിയിൽ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ആദ്യ മൂന്നു മത്സരങ്ങളിലും ബാറ്റിംഗ് നിരയുടെ മികച്ച പ്രകടനവും രാജസ്ഥാന് പ്രതീക്ഷയായുണ്ട്.Rajasthan Royals Victory

Rate this post