ഉദിച്ചു ഉയർന്ന് സഞ്ജുവും പിള്ളേരും!! റെക്കോർഡ് ജയവുമായി രാജസ്ഥാൻ റോയൽസ് എൻട്രി | Rajasthan Royals Victory

IPL 2023 :സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. പൂർണ്ണമായും രാജസ്ഥാൻ ആധിപത്യം നേടിയ മത്സരത്തിൽ 72 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ 2023 ഐപിഎൽ സീസൺ ശക്തമായി തന്നെ രാജസ്ഥാൻ ആരംഭിച്ചിട്ടുണ്ട്. മുൻനിര ബാറ്റർമാരുടെ തകർപ്പൻ പ്രകടനവും ബോൾട്ടിന്റെയും ചാഹലിനെയും ബോളിംഗ് മികവുമാണ് മത്സരത്തിൽ രാജസ്ഥാന് കൂറ്റൻ വിജയം സമ്മാനിച്ചത്. മറുവശത്ത് ഒന്ന് പൊരുതാൻ പോലും സാധിക്കാത്ത സൺറൈസേഴ്സിനെയാണ് കാണാൻ സാധിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ബാറ്റിംഗിന് അനുകൂലിക്കുന്നത് ആദ്യ ബോൾ മുതൽ ദൃശ്യമായിരുന്നു. ഈ സാഹചര്യം പൂർണ്ണമായും മുതലെടുക്കാൻ രാജസ്ഥാന്റെ മുൻനിര ബാറ്റർമാർക്ക് സാധിച്ചു. ഓപ്പണർമാരായ ജോസ് ബട്ട്ലറും ജയ്സ്വാളും രാജസ്ഥാനായി തകർപ്പൻ തുടക്കം തന്നെ നൽകി. ബട്ലർ 22 പന്തുകളിൽ 54 റൺസ് നേടിയപ്പോൾ, ജെയിസ്വാൾ 37 പന്തുകളിൽ 54 റൺസ് ആണ് നേടിയത്. ഒപ്പം മൂന്നാമനായേത്തിയ നായകൻ സഞ്ജു സാംസനും 32 പന്തുകളിൽ 55 റൺസുമായി മികച്ചു നിന്നു. അവസാന ഓവറുകളിൽ ഹെറ്റ്മയറും(22*) അടിച്ചു തകർത്തതോടെ രാജസ്ഥാൻ 203ന് 5 എന്ന് സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ഇത്ര വലിയ സ്കോർ ഒരു ബാലികേറാമല തന്നെയായിരുന്നു. മാത്രമല്ല ആദ്യ ഓവറിൽ തന്നെ ഹൈദരാബാദിന്റെ രണ്ട് വിക്കറ്റുകൾ ട്രെന്റ് ബോൾട്ട് പിഴുതെറിയും ചെയ്തു. പിന്നീട് ഒരു സമയത്തും ആ ദുരന്തത്തിൽ നിന്നും കരകയറാൻ ഹൈദരാബാദിന് സാധിച്ചില്ല. 23 പന്തുകളിൽ 27 റൺസെടുത്ത മായങ്ക് അഗർവാൾ മാത്രമാണ് ഹൈദരാബാദിനായി അല്പസമയം പിടിച്ചുനിന്നത്. ബാക്കി ബാറ്റർമാർ അമ്പെ പരാജയപ്പെട്ടപ്പോൾ രാജസ്ഥാൻ വലിയ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. രാജസ്ഥാനായി ചാഹൽ മത്സരത്തിൽ 4 വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ 72 റൺസിന്റെ വമ്പൻ വിജയമാണ് രാജസ്ഥാൻ നേടിയത്.

സഞ്ജു സാംസനെ സംബന്ധിച്ച് വളരെ പോസിറ്റീവായ തുടക്കമാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്. നായകൻ എന്ന നിലയിലും സ്വന്തം ബാറ്റിങ്ങിലും തിളങ്ങാൻ സഞ്ജു സാംസന് ആദ്യ മത്സരത്തിൽ സാധിച്ചു. 2023ലെ 50 ഓവർ ലോകകപ്പിലേക്ക് ഇന്ത്യൻ ടീമിൽ കയറിപ്പറ്റാൻ സഞ്ജുവിന് ഇനിയും ഇത്തരത്തിലുള്ള പ്രകടനങ്ങൾ ആവശ്യമാണ്. മാത്രമല്ല വരും മത്സരങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തിറക്കാൻ രാജസ്ഥാൻ റോയൽസിന് ഈ പ്രകടനം ഗുണം ചെയ്തേക്കും.

Rate this post