ഹാർദിക്ക് ടീമിനെ വീഴ്ത്തുക എളുപ്പമല്ല 😱😱കരുതലോടെ കളിച്ചാൽ രണ്ട് കളികൾ ജയിച്ചു കിരീടം നേടുമോ!!

ഐപിഎൽ 15-ാം പതിപ്പിന്റെ പ്ലേ ഓഫ് മത്സരങ്ങൾക്ക് നാളെ (മെയ്‌ 24) തുടക്കം കുറിക്കുകയാണ്. സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്, ഫാഫ് ഡ്യൂപ്ലിസിസ് നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ, ഹാർദിക് പാണ്ഡ്യ തലവനായ ഗുജറാത്ത് ടൈറ്റൻസ്, കെഎൽ രാഹുലിന്റെ ലഖ്നൗ സൂപ്പർ ജിയന്റ്സ് എന്നിവരാണ് പ്ലേ ഓഫിൽ ഇടംപിടിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ, രാജസ്ഥാൻ റോയൽസ് തങ്ങളുടെ രണ്ടാം കിരീടത്തിൽ കണ്ണുവെക്കുമ്പോൾ, മറ്റു 3 ടീമുകളും കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്.

മലയാളി വിക്കറ്റ് കീപ്പർ – ബാറ്റർ സഞ്ജു സാംസൺ നായകനായതുകൊണ്ടുതന്നെ മലയാളി ക്രിക്കറ്റ് ആരാധകരിൽ ഭൂരിഭാഗവും രാജസ്ഥാൻ റോയൽസ് കിരീടം നേടണമെന്ന് തന്നെയായിരിക്കും ആഗ്രഹിക്കുക. കിരീടത്തിലേക്ക് രണ്ടു മത്സരങ്ങൾ മാത്രമാണ് രാജസ്ഥാൻ റോയൽസിന് മുന്നിലുള്ളതെങ്കിലും, അത് മറികടക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസ് ആണ് രാജസ്ഥാൻ റോയൽസിന്റെ ക്വാളിഫയർ 1-ലെ എതിരാളികൾ.

റാഷിദ് ഖാനും മുഹമ്മദ് ഷമിയും പടനയിക്കുന്ന ബൗളിംഗ് യൂണിറ്റും, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെയും ഡേവിഡ് മില്ലറുടെയും നേതൃത്വത്തിലുള്ള ബാറ്റിംഗ് യൂണിറ്റും ഗുജറാത്ത്‌ ടൈറ്റൻസിന്റെ കരുത്താണ്. എന്നാൽ, സഞ്ജുവിനും കൂട്ടർക്കും ഗുജറാത്ത്‌ ഉയർത്തുന്ന വെല്ലുവിളി മറികടക്കാനായാൽ നേരിട്ട് ഫൈനലിൽ പ്രവേശിക്കാം. ഇനി അഥവാ പരാജയമാണ് ഫലമെങ്കിൽ, ലീഗ് ഘട്ടത്തിൽ പോയിന്റ് ടേബിളിൽ രണ്ടാംസ്ഥാനക്കാരായതുകൊണ്ട് ക്വാളിഫയർ 1-ൽ പരാജയപ്പെട്ടാലും ക്വാളിഫയർ 2 എന്ന ഒരു അവസരം കൂടി റോയൽസിനെ കാത്തിരിക്കുന്നുണ്ട്.

മികച്ച ഫോമിൽ കളിച്ചിരുന്ന സ്റ്റാർ ബാറ്റർ ജോസ് ബറ്റ്ലർ, അവസാന മത്സരങ്ങളിൽ നിറംമങ്ങിയത് രാജസ്ഥാൻ റോയൽസിന് തലവേദനയായിട്ടുണ്ട്. ക്യാപ്റ്റൻ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ സ്ഥിരതയില്ലായ്മ്മയും രാജസ്ഥാൻ റോയൽസിന് ക്ഷീണമാണ്. ബൗളിംഗ് യൂണിറ്റ് മികച്ച ഫോമിൽ ആണെങ്കിലും സ്റ്റാർ പേസർ ട്രെന്റ് ബോൾട്ട് ഉൾപ്പെടെയുള്ളവർ ചില മത്സരങ്ങളിൽ അമിതമായി റൺ വഴങ്ങുന്നത് രാജസ്ഥാൻ റോയൽസിന് തിരിച്ചടിയാകാം.

Rate this post