പഞ്ചാബ് സ്റ്റാർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം ; ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡ് തന്നോട് ചെയ്ത കാര്യങ്ങൾ തുറന്നുപറഞ്ഞ് രജപക്ഷ

ഐപിഎൽ 2022 സീസണിൽ പഞ്ചാബ് കിംഗ്സിന്റെ രണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ ഒരു ജയവും ഒരു തോൽവിയും ഉൾപ്പെടെ 2 പോയിന്റുമായി 7-ാം സ്ഥാനത്താണ് മായങ്ക് അഗർവാൾ നയിക്കുന്ന പഞ്ചാബ് കിംഗ്സ്. എന്നാൽ, രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോഴേക്കും പഞ്ചാബിന്റെ ഒരു അപ്രതീക്ഷിത വിദേശ താരത്തിന്റെ ബാറ്റിംഗ് പഞ്ചാബ് ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.

ശ്രീലങ്കൻ ബാറ്റർ ബാനുക രജപക്ഷയാണ്‌ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി പഞ്ചാബ് ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്. ആർസിബിക്കെതിരെ നടന്ന പഞ്ചാബിന്റെ ആദ്യ മത്സരത്തിൽ, 22 പന്തിൽ 43 റൺസെടുത്ത രജപക്ഷ പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചിരുന്നു. അടുത്ത മത്സരത്തിൽ കെകെആറിനെതിരെ പഞ്ചാബ് തോൽവി അറിഞ്ഞെങ്കിലും, 9 പന്തിൽ 31 റൺസെടുത്ത രജപക്ഷ പഞ്ചാബ് ബാറ്റിംഗ് നിരയിൽ തിളങ്ങി.

അതിശയകരമെന്ന് പറയട്ടെ, രജപക്ഷ നിലവിലെ ശ്രീലങ്കൻ ടീമിൽ നിന്ന് വിരമിച്ച താരമാണ്. ഫിറ്റ്നസ് ഇല്ല എന്നാരോപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌ തന്നെയാണ് തന്നോട് വിരമിക്കൽ പ്രഖ്യാപനം നടത്താൻ ആവശ്യപ്പെട്ടത് എന്നാണ് രജപക്ഷ പറയുന്നത്. “എനിക്ക് ഫിറ്റ്നസ് ഇല്ല എന്ന് ബോർഡ്‌ പറഞ്ഞു. എന്നാൽ എനിക്കങ്ങനെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. വേഗത്തിൽ ഓടാനും, ഷോട്ടുകൾ എടുക്കാനുമൊന്നും എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല,” രജപക്ഷ പറയുന്നു.

“എന്നാൽ, തീരുമാനം ബോർഡിന്റെതായിരുന്നു. ഞാൻ അത് അനുസരിച്ചു,” ശ്രീലങ്കൻ ബാറ്റർ പറഞ്ഞു. എന്നിരുന്നാലും, രജപക്ഷയുടെ സ്ഥിരതയില്ലായ്മയും, പെരുമാറ്റ ചട്ട ലംഘനവുമാണ് അദ്ദേഹത്തെ നിർബന്ധിത വിരമിക്കൽ പ്രഖ്യാപനത്തിലേക്ക് നയിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡിന് പ്രേരണയായത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്തുതന്നെയായാലും, ഐപിഎല്ലിലെ തന്റെ പ്രകടനം കണ്ട് ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌ തന്നെ ടീമിലേക്ക് തിരിച്ചുവിളിക്കും എന്ന പ്രതീക്ഷയിലാണ് രജപക്ഷ.