അവൻ ഇന്ത്യയുടെ കറുത്ത കുതിര!! പ്രവചിച്ചു സുരേഷ് റൈന

ട്വന്റി ട്വന്റി ലോകകപ്പ് മത്സരങ്ങൾക്ക് ഒരുങ്ങുന്ന ടീം ഇന്ത്യക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഒക്ടോബർ 23ന് പാക്കിസ്ഥാനെ നേരിട്ടാണ് ഇന്ത്യൻ ടീമിന്റെ സൂപ്പർ 12 ഘട്ട മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നര മുതലാണ് മത്സരം.

ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധം ആകാൻ പോകുന്ന രണ്ട് താരങ്ങളെയും റൈന സൂചിപ്പിക്കുന്നുണ്ട്. ഓൾറൗണ്ടർ ഹാർദിക്‌ പാണ്ഡ്യയും മിഡിൽ ഓർഡർ താരം സൂര്യകുമാർ യാദവും ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി തിളങ്ങും എന്നാണ് സുരേഷ് റെയ്നയുടെ അഭിപ്രായം. 2007ലെ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പ് ചാമ്പ്യൻമാരായ ശേഷം പിന്നീട് ഒരിക്കൽകൂടി ജേതാക്കളാകാൻ ടീം ഇന്ത്യക്ക് സാധിച്ചിട്ടില്ല.

ഇപ്പോഴത്തെ ലോകത്തിലെ രണ്ടാം നമ്പർ ട്വന്റി ട്വന്റി ബാറ്ററായ സൂര്യകുമാർ യാദവ് ഈ കലണ്ടർ വർഷം 23 ഇന്നിംഗ്സിൽ നിന്നും 801 റൺസ് ആണ് അടിച്ചുകൂട്ടിയത്. ലോകകപ്പിലും സൂര്യ ഇതേ മികവ് തുടരുമെന്നാണ് തന്റെ വിശ്വാസമെന്ന്‍ സുരേഷ് റെയ്ന പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം തുടരുന്ന ആക്രമണോത്സുകമായ ബാറ്റിംഗ് ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഇന്ത്യയുടെ കറുത്ത കുതിരയാകാൻ സാധ്യതയുള്ള മറ്റൊരു താരമാണ് ഹാർദിക്‌ പാണ്ഡ്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർണായക ഓവറുകൾ എറിയാൻ പാണ്ഡ്യ ഇന്ത്യക്ക് വളരെ നല്ലൊരു ഓപ്ഷൻ ആണെന്ന് പറഞ്ഞ റൈന, ധോണിയെ പോലെ മത്സരങ്ങൾ ഫിനിഷ് ചെയ്യാനുള്ള കഴിവും ഉള്ള താരമാണ് അദ്ദേഹമെന്നും വ്യക്തമാക്കി. സൂര്യകുമാർ യാദവ് ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചർ ആകുമെന്നും അർഷദീപ് സിംഗ്, വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.