“അവൻ ഇന്ത്യയുടെ X-ഫാക്ടർ ആണ്” ഇന്ത്യൻ വിക്കറ്റ് കീപ്പറെ കുറിച്ച് സുരേഷ് റെയ്‌ന പറയുന്നു

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഉൾപ്പെടുത്തിയതിനെതിരെ നിരവധിപേർ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ടി20 ഫോർമാറ്റിൽ വലിയ സ്കോർ കണ്ടെത്തുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും, പന്തിന് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നതിനെ ചില മുൻ ക്രിക്കറ്റർമാർ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. അതേസമയം, പന്ത് ഇന്ത്യൻ ടീമിലെ ഒരു X-ഫാക്ടർ ആണെന്ന് പറഞ്ഞ് ചിലർ അദ്ദേഹത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ, മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌നയും പന്ത് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലെ ഒരു X-ഫാക്ടർ ആണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. “ഋഷഭ് പന്ത് വളരെ മികച്ച ഒരു ക്രിക്കറ്റർ ആണ്. സാഹചര്യങ്ങൾക്ക് അനുസരിച്ച് ബാറ്റ് ചെയ്യാൻ അവനു സാധിക്കും. സമ്മർദ്ദ ഘട്ടങ്ങളിൽ പന്തിന് ഇന്ത്യയെ സഹായിക്കാനാകും. അവൻ നേരത്തെയും ഓസ്ട്രേലിയയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്,” റെയ്‌ന പറയുന്നു.

“ഓസ്ട്രേലിയയിൽ ഇന്ത്യക്കുവേണ്ടി ടെസ്റ്റിൽ സെഞ്ചുറി നേടിയ പന്തിന്, ടി20 ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും. നിലവിൽ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ പരിശോധിച്ചാൽ, ഒന്ന് മുതൽ ആറ് വരെയുള്ള സ്ഥാനങ്ങളിൽ ഒരു ഇടംകയ്യൻ ബാറ്റർ പോലുമില്ല. പന്ത് മാത്രമാണ് ഇന്ത്യൻ ടീമിലെ ഏക ഇടങ്കയ്യൻ ബാറ്റർ. അതുകൊണ്ടുതന്നെ അവൻ ഒരു X-ഫാക്ടർ ആണ്,” റെയ്ന പറയുന്നു.

“എന്നാൽ, പന്തിനെ ഇന്ത്യ എങ്ങനെ ഉപയോഗിക്കും എന്നത് കണ്ടറിയണം. എങ്ങനെയായാലും, പന്തിന് ലോകകപ്പിൽ രണ്ടു മത്സരങ്ങളിൽ എങ്കിലും അവസരം നൽകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ലോകകപ്പിലെ അവന്റെ ബാറ്റിംഗ് കാണാൻ നമുക്ക് അവസരം ഉണ്ടാകും,” 2007, 2011 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന സുരേഷ് റെയ്‌ന പറഞ്ഞു. തന്റെ കാലത്ത് താനും ഗൗതം ഗംഭീറും യുവരാജ് സിംഗും അടങ്ങുന്ന ഇടങ്കയ്യൻ ബാറ്റർമാർ ഇന്ത്യക്ക് ഏറെ സഹായകരമായിട്ടുണ്ട് എന്നും റെയ്‌ന ഓർമിപ്പിച്ചു.