തനിക്ക് അപ്പൊ ശരിക്കും പ്രായമായില്ലേ ; ലെജൻഡ്സിനെ ഞെട്ടിച്ച് സുരേഷ് റെയ്‌നയുടെ തകർപ്പൻ ക്യാച്ച്

ഇന്ത്യ ലെജൻഡ്സ് – ഓസ്ട്രേലിയ ലെജൻഡ്സ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് സെമി ഫൈനൽ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യൻ താരം സുരേഷ് റെയ്‌ന. 35-കാരനായ സുരേഷ് റെയ്‌ന, ഈ വർഷം ആദ്യമാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തുടർന്ന്, റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടി20 2022-ൽ ഇന്ത്യ ലെജൻഡ്സ് ടീമിന്റെ ഭാഗമാവുകയായിരുന്നു. ഫിൽഡിങ്ങിൽ നേരത്തെ തന്നെ തന്റെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് റെയ്‌ന.

റായ്പുർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, ബാറ്റ് ചെയ്യാൻ എത്തിയ ഓസ്ട്രേലിയൻ ഓപ്പൺർമാരായ ഷെയിൻ വാട്സനും (30), അലക്സ്‌ ഡൂലനും (35) മികച്ച തുടക്കമാണ് എനിക്ക് നൽകിയത്. എന്നാൽ, രാഹുൽ ശർമ എറിഞ്ഞ ഇന്നിംഗ്സിന്റെ 8-ാം ഓവറിലെ ആദ്യ ബോളിൽ വാട്സനെ റെയ്‌ന പിടികൂടുകയായിരുന്നു. ഇതോടെ ആ കൂട്ടുകെട്ട് തകർന്നു. പിന്നീട്, ക്രീസിൽ എത്തിയ ബെൻ ഡങ്ക് ഓസ്ട്രേലിയയുടെ ആക്രമണം ഏറ്റെടുത്തു.

ഇതിനിടെ, അലക്സ്‌ ഡൂലൻ (35), കല്ലം ഫെർഗുസൺ (10), നഥാൻ റിയർഡോൺ (5) എന്നിവരെല്ലാം മടങ്ങിയെങ്കിലും ബെൻ ഡങ്ക് ക്രീസിൽ തുടരുകയായിരുന്നു. ഇന്ത്യൻ ബൗളർമാർക്ക് ഭീഷണിയായി ബെൻ ഡങ്ക് സ്കോർ ബോർഡ് അതിവേഗം ചലിപ്പിക്കുന്നതിനിടെയാണ്, ഇന്നിംഗ്സിന്റെ 16-ാം ഓവറിലെ അവസാന ബോളിൽ സുരേഷ് റെയ്‌ന ഒരു മനോഹരമായ ക്യാച്ചിലൂടെ ബെൻ ഡങ്ക്നെ പുറത്താക്കിയത്. അഭിമന്യു മിഥുന്റെ ബോൾ എടുക്കുന്നതിൽ ടൈമിംഗ് പിഴച്ച ഡങ്ക്നെ സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്തിരുന്ന റെയ്‌ന പിടികൂടുകയായിരുന്നു.

പുറകിലോട്ട് തിരിഞ്ഞ് ഒരു ഫുൾ ഡൈവ് നടത്തിയാണ് റെയ്‌ന ബെൻ ഡങ്ക്ന്റെ ക്യാച്ച് എടുത്തത്. 26 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പടെ 46 റൺസ് ആണ് ബെൻ ഡങ്ക് നേടിയത്. അതേസമയം, ഓസ്ട്രേലിയൻ ഇന്നിംഗസിന്റെ 17-ാം ഓവർ പൂർത്തിയായപ്പോഴേക്കും മഴ എത്തിയതോടെ കളി നിർത്തിവെക്കേണ്ടി വന്നു. നിലവിൽ ഓസ്ട്രേലിയ ലെജൻഡ്സ് 17 ഓവറിൽ 136/5 എന്ന നിലയിലാണ്. മത്സരത്തിന്റെ ബാക്കി ഇന്ന് വൈകീട്ട് 3:30 ന് പുനരാരംഭിക്കും.