” അന്ന് റാഫി ഇന്ന് രാഹുൽ , മലയാളികൾ ഫൈനലിൽ ഗോളടിച്ചാൽ ബ്ലാസ്റ്റേഴ്സിന് നിർഭാഗ്യം ‘:ഫൈനലിൽ ഗോൾ നേടിയ മലയാളികൾ

ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ കിരീട പോരാട്ടത്തിനൊടുവിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ഹൈദരാബാദ് ആദ്യ ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിൽ ആയതോടെയാണ് പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്. ബ്ലാസ്റ്റേഴ്‌സ് എടുത്ത മൂന്നു കിക്കുകൾ തടുത്തിട്ട ഹൈദരാബാദ് കീപ്പർ കട്ടിമണിയാണ് മത്സരത്തിലെ ഹീറോ.

ഐഎഎഎൽ ഫൈനലിൽ വീണ്ടും ഒരു മലയാളി ഗോൾ നേടുന്നത് ഇന്നത്തെ കാണാൻ സാധിച്ചു.68ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയെ നിസ്സഹായനാക്കി രാഹുൽ കെപി ഹൈദെരാബാദ് വല ചലിപ്പിച്ചത്. പരിക്ക് മൂലം മറ്റൊരു മലയാളി താരം സഹൽ കളിക്കാതിരുന്നതോടെയാണ് രാഹുലിന് ആദ്യ ടീമിൽ സ്ഥാനം ലഭിച്ചത്. ഈ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ പരിക്ക് പറ്റിയ പുറത്തു പോയ രാഹുലിന് കുറെയധികം മത്സരങ്ങൾ നഷ്ടമായിരുന്നു.

ഇന്നലെ നേടിയ ഗോളോടെ മറ്റൊരു നേട്ടത്തിനും രാഹുല്‍ അവകാശിയായിരിക്കുകയാണ്. ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയ രണ്ടാമത്തെ മലയാളി താരമായി രാഹുൽ മാറി. മുഹമ്മദ് റാഫിയാണ് ഇതിനുമുൻപ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ ആദ്യമായി മലയാളി താരം. 2016ലെ ഫൈനലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്കെതിരേയായിരുന്നു റാഫി ഗോൾ നേടിയത്.കൊച്ചിയിൽ നടന്ന ഫൈനലിൽ ആദ്യ പകുതിയിലാണ് റാഫി ഗോൾ നേടിയത്.

2016 ഫൈനലിന്റെ തനിയാവർത്തനം തന്നെയായിരുന്നു ഇത്തവണത്തെ . 2016 ൽ റാഫിയുടെ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതീരെ ഗോൾ മടക്കിയ അത്ലറ്റികോ ഡി കൊൽക്കത്ത മത്സരം പെനാൽറ്റി ഷൊറ്റൗട്ടിലേക്ക് എത്തിച്ചു.ഷൂട്ടൗട്ടില്‍ 4-3നു ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി കിരീടം സ്വന്തമാക്കുകയായിരുന്നു കൊൽക്കത്തൻ ടീം. ഈ രണ്ടു ഫൈനലുകളും പരിശോധിക്കുമ്പോൾ മലയാളികൾ ഗോൾ നേടിയ രണ്ടു ഫൈനലിലും ബ്ലാസ്റ്റേഴ്സിന് തോൽവി നേരിട്ടു എന്ന് മനസ്സിലാക്കാൻ സാധിക്കും. ഫൈനലിലെ ആദ്യ ഗോളാണ് ഇരു താരങ്ങളും നേടിയത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽവിയും നേരിട്ടു.

ഇന്നലെ നടന്ന ഫൈനലിലെ ഷൂട്ടൗട്ടില്‍ ഒരേയൊര കിക്ക് മാത്രമേ ബ്ലാസ്റ്റേഴ്സിന് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചത്.മാര്‍ക്കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്‌സണ്‍ സിങ് എന്നിവരുടെ കിക്കുകള്‍ ഹൈദരാബാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണി തടുത്തിട്ടപ്പോൾ ആയുഷ് അധികാരിക്ക് മാത്രമാണ് ലക്‌ഷ്യം കാണാൻ സാധിച്ചത്.ബ്ലാസ്‌റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ ഗില്ലിനു ഒരു സേവ് പോലും നടത്താനായില്ല. ജാവിയര്‍ സിവെയ്‌റോ ഷോട്ട് പുറത്തേക്ക് അടിച്ചു കളയുകയാണുണ്ടായത്.