ടീം പറഞ്ഞു ഞാൻ കീപ്പർ ആയി 😳ഹേറ്റേഴ്‌സിന് രാഹുൽ മറുപടി

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ നിരവധി ഇന്ത്യൻ താരങ്ങൾ വിമർശനത്തിന് വിധേയരായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര അമ്പെ പരാജയപ്പെട്ടെങ്കിലും, അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് കെഎൽ രാഹുൽ ആയിരുന്നു. മത്സരത്തിൽ ഇന്ത്യ 186 റൺസിന് ഓൾഔട്ട് ആയപ്പോൾ, 70 പന്തിൽ 73 റൺസ് ആയിരുന്നു കെഎൽ രാഹുലിന്റെ സമ്പാദ്യം. എന്നിരുന്നാലും വിക്കറ്റ് കീപ്പിങ്ങിൽ രാഹുൽ വരുത്തിയ ചില പിഴവുകൾ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.

എന്നാൽ, താൻ സ്വയം വിക്കറ്റ് കീപ്പിംഗ് തിരഞ്ഞെടുത്തതല്ല എന്നും, ടീം മാനേജ്മെന്റ് ആണ് ആ റോൾ തന്നെ ഏൽപ്പിച്ചത് എന്നും പറഞ്ഞ് തന്റെ മൗനം വെടിഞ്ഞ് രാഹുൽ രംഗത്ത് എത്തിയിരിക്കുകയാണ്. “ടീം മാനേജ്മെന്റ് ആണ് എന്നെ വിക്കറ്റ് കീപ്പർ റോളിലേക്ക് തിരഞ്ഞെടുത്തത്. അത് എന്റെ സ്വന്തം തീരുമാനമായിരുന്നില്ല. ഋഷഭ് പന്തിനെ എന്തുകൊണ്ടാണ് അവസാന നിമിഷം സ്ക്വാഡിൽ നിന്ന് പുറത്താക്കിയത് എന്ന് എനിക്ക് അറിയില്ല. അതിനുള്ള വിശദീകരണം മെഡിക്കൽ ടീമിന് നിങ്ങൾക്ക് നൽകാൻ സാധിക്കുമായിരിക്കും,” രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

മത്സരത്തിൽ ടീമിന്റെ പ്രകടനം മോശമാകാനുള്ള കാരണത്തെക്കുറിച്ചും രാഹുൽ സംസാരിക്കുകയുണ്ടായി. “ഞങ്ങൾ ഏകദിന മത്സരങ്ങൾ കളിച്ചിട്ട് വളരെ കാലമായി. അതിന്റെ ചില പ്രശ്നങ്ങളാണ് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കണ്ടത്,” രാഹുൽ പറഞ്ഞു. താൻ വിക്കറ്റിന് പിറകിൽ നിൽക്കുന്നത് ഇത് ആദ്യമല്ല എന്നും, തന്റെ പ്രകടനത്തിൽ താൻ സംതൃപ്തനാണ് എന്നും രാഹുൽ പറഞ്ഞു. “2020-21 സമയത്ത് ഏകദിന ഫോർമാറ്റിൽ ഞാൻ നാലാം നമ്പറിൽ കളിച്ചിട്ടുണ്ട്. മാത്രമല്ല അന്ന് വിക്കറ്റ് കീപ്പർ ആയി ഞാൻ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഇതൊരു പുതിയ അനുഭവമാണ് എന്ന് പറയാൻ സാധിക്കില്ല,” രാഹുൽ തുടർന്നു.

“എന്റെ ബാറ്റിംഗ് പ്രകടനത്തിൽ ഞാൻ സംതൃപ്തനാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഞാൻ പരിശീലന സെഷനുകളിൽ വളരെ കഠിനമായി ബാറ്റിംഗ് പരിശീലിക്കുന്നുണ്ട്. ബംഗ്ലാദേശിലെ ഈ ട്രാക്കിൽ ബാറ്റ് ചെയ്യാനും അതുകൊണ്ടാണ് എനിക്ക് സാധിച്ചത്. എന്നിരുന്നാലും, എനിക്ക് ഒരു 20-30 ബോളുകൾ കൂടി ക്രീസിൽ തുടരാൻ സാധിച്ചിരുന്നുവെങ്കിൽ, ടീം ടോട്ടൽ 230-245 എത്തിക്കാൻ സാധിക്കുമായിരുന്നു എന്ന് ഞാൻ കരുതുന്നു,” രാഹുൽ പറഞ്ഞു.

Rate this post