എന്തുകൊണ്ട് വീണ്ടും കളിക്കുന്നില്ല :ഉത്തരം നൽകി ലോകേഷ് രാഹുൽ

ഇന്ത്യൻ ടീമിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുകയാണ് വിക്കറ്റ് കീപ്പർ ബാറ്ററും ടീമിന്റെ വൈസ് ക്യാപ്റ്റനുമായ കെഎൽ രാഹുൽ. ഈ വർഷം ഫെബ്രുവരിക്ക് ശേഷം രാഹുൽ ഇന്ത്യൻ ടീമിനായി ഒരു കളി പോലും കളിച്ചിട്ടില്ല. പുരോഗമിക്കുന്ന വെസ്റ്റ് ഇൻഡീസ്‌ പര്യടനത്തിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ രാഹുലിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും, പൂർണ്ണ ഫിറ്റ്നസ് കൈവരിക്കാത്തതിന്റെ പേരിൽ അദ്ദേഹത്തിന് പര്യടനത്തിൽ പങ്കെടുക്കാനായില്ല.

ഓഗസ്റ്റ് 18-ന് ആരംഭിക്കുന്ന സിംബാബ്‌വെക്കെതിരായ ഏകദിന പര്യടനത്തിലൂടെ രാഹുൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും എന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, സിംബാബ്‌വെ പര്യടനത്തിനുള്ള സ്ക്വാഡിലും രാഹുലിനെ ഉൾപ്പെടുത്തിയിട്ടില്ല. ഇപ്പോൾ എന്തുകൊണ്ടാണ് താൻ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നതിന് വ്യക്തമായ മറുപടിയുമായി രാഹുൽ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

“പ്രിയപ്പെട്ടവരെ, ഞാൻ ഏറെ നാളായി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ദക്ഷിണാഫ്രിക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി ആണ് പരിക്ക് സംഭവിക്കുകയും അതിനെ തുടർന്ന് സർജറിക്ക് വിധേയനാവുകയും ചെയ്തത്. സർജറി വിജയകരമാവുകയും, പൂർണ്ണ ഫിറ്റ്നസോടെ വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിലൂടെ തിരിച്ചുവരാം എന്നും ആണ് കരുതിയിരുന്നത്. എന്നാൽ, കോവിഡ് പിടിപെട്ടതിനെ തുടർന്ന് വീണ്ടും രണ്ടാഴ്ച വിശ്രമം വേണ്ടിവന്നു,” രാഹുൽ പറയുന്നു.

“ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുക എന്നത് ഏറ്റവും അഭിമാനകരമായ നിമിഷമാണ്. എത്രയും പെട്ടെന്ന് ടീമിലേക്ക് തിരിച്ചെത്താൻ ആകും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പൂർണ്ണ ഫിറ്റ്നസോടെ ടീമിലേക്ക് തിരിച്ചെത്തി ടീമിന് മികച്ച സംഭാവനകൾ നൽകും,” രാഹുൽ പറഞ്ഞു. അതേസമയം, സിംബാബ്‌വെ പര്യടനത്തിൽ കൂടി രാഹുലിന് വിശ്രമം നൽകി ഏഷ്യ കപ്പിന് മുൻപായി അദ്ദേഹത്തെ ടീമിലേക്ക് മടക്കി കൊണ്ടുവരാൻ ആയിരിക്കും ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.