വണ്ടർ ക്യാച്ച് കിടിലൻ റൺ ഔട്ട്!! ഫീൽഡിൽ പറക്കും രാധ യാദവ്!! കാണാം വീഡിയോ

കോമൺവെൽത്ത് ഗെയിംസ് വനിത ക്രിക്കറ്റിൽ വെള്ളി മെഡൽ ജേതാക്കൾ ആയിരിക്കുകയാണ് ഇന്ത്യ. ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും, വെള്ളി മെഡൽ നേടാനായത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണ്. മത്സരത്തിൽ, ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യൻ താരങ്ങളുടെ ഫീൽഡിംഗ് ആണ്. പ്രത്യേകിച്ച്, ബൗളർ രാധ യാദവിന്റെ രണ്ട് കിടിലൻ ഫീൽഡിംഗ് പ്രകടനങ്ങൾ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചു.

ഇന്നിംഗ്സിന്റെ ഏഴാം ഓവറിൽ ആണ് രാധ യാദവ് തന്റെ ആദ്യ ഓവർ എറിയാൻ എത്തിയത്. അപ്പോഴേക്കും, ഓസ്ട്രേലിയൻ ബാറ്റർമാരായ ബെത് മൂണിയും മെഗ് ലാനിംഗും ചേർന്ന് രണ്ടാം വിക്കറ്റിൽ 74 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. എന്നാൽ, രാധ യാദവ് തന്റെ ആദ്യ ബോളിൽ തന്നെ ഒരു തകർപ്പൻ ഫീൽഡിങ് പ്രകടനത്തിലൂടെ മെഗ് ലാനിംഗിനെ പുറത്താക്കി ഈ കൂട്ടുകെട്ട് തകർക്കുകയായിരുന്നു.

രാധ യാദവിന്റെ ബോൾ ബെത് മൂണി സ്ട്രൈറ്റ് ഡ്രൈവ് അടിക്കാൻ ശ്രമിക്കുകയായിരുന്നു, എന്നാൽ ബോൾ രാധ യാദവിന്റെ കൈകളിലേക്ക് തന്നെ തിരിച്ചെത്തി. അപ്പോഴേക്കും, നോൺ സ്ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്ന ഓസ്ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിംഗ് ക്രീസ് വിട്ടിരുന്നു. ഇത്‌ മനസ്സിലാക്കിയ രാധ യാദവ്, അതിവേഗം ഒരു അണ്ടർ ആം ത്രോയിലൂടെ സ്റ്റംപ് ചലിപ്പിച്ചു. തുടർന്ന്, നടത്തിയ റിപ്ലൈ ദൃശ്യങ്ങളിൽ ലാനിംഗ് ക്രീസിൽ എത്തിയിട്ടില്ല എന്ന് വ്യക്തമായി. ഈ റൺഔട്ട്‌ ഇന്ത്യക്ക് ഒരു ബ്രേക്ക് സമ്മാനിച്ചു.

തൊട്ടടുത്ത ഓവറിൽ രാധ യാദവിന്റെ മറ്റൊരു മികച്ച ഫീൽഡിംഗ് പ്രകടനത്തിന് കൂടി ക്രിക്കറ്റ്‌ ലോകം സാക്ഷികളായി. ദീപ്തി ശർമ്മയുടെ ബോൾ കട്ട്‌ ഷോട്ട് കളിക്കാൻ ശ്രമിച്ച ഓസ്ട്രേലിയൻ ബാറ്റർ തഹ്ലിയ മഗ്രാത്തിനെ, പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന രാധ യാദവ് ഒരു ഫുൾ ലെങ്ത് ഡൈവിലൂടെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. രാധ യാദവിന്റെ മനോഹരമായ ക്യാച്ച് കമെന്റെറ്റർമാരെ അത്ഭുതപ്ലെടുത്തി.