നെക്സ്റ്റ് ഐപിഎല്ലിൽ 600 റൺസ്‌ നേടണം ഇന്ത്യൻ ടീമിൽ വരണം : ആഗ്രഹവുമായി യുവ താരം

ഐപി‌എൽ ആരാധകർക്ക് സുപരിചിതമായ ഒരു മുഖമാണ് ഇടങ്കയ്യൻ ബാറ്റർ നിതീഷ് റാണയുടെത്‌. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ടോപ് ഓർഡറിലെ നിർണായക സാന്നിധ്യമാണ് റാണ. 2021 സീസണിൽ കൊൽക്കത്ത ടീം ഫൈനലിൽ എത്താൻ കാരണക്കാരിൽ ഒരാളായ ഇദ്ദേഹം കഴിഞ്ഞ സീസണിലും മികവാർന്ന പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

എങ്കിലും ഇന്ത്യൻ ദേശീയ ടീമിൽ സ്ഥിരമായ ഒരു അവസരം താരത്തിന് ലഭിച്ചിരുന്നില്ല. 2021 ഐപിഎല്ലിന് ശേഷം നടന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചപ്പോൾ നിതീഷ് റാണയടക്കം ഐപിഎല്ലിൽ മികവ് തെളിയിച്ച ഒരു പറ്റം യുവതാരങ്ങളെ അണിനിരത്തി ശിഖർ ധവാൻ നായകനായി ഉള്ള ഒരു ടീമിനെയാണ് ഇന്ത്യ അയച്ചത്. പരമ്പരയിൽ ഇന്ത്യക്കായി ഏകദിന, ട്വന്റി ട്വന്റി അരങ്ങേറ്റം കുറിക്കാൻ അദ്ദേഹത്തിന് സാധിച്ചു എങ്കിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല.

അതോടെ ഇന്ത്യൻ വൈറ്റ് ബോൾ നിരയിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ താരം പിന്നിലായി. എന്നാലിപ്പോൾ ലക്ഷ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. എല്ലാ ഐപിഎൽ സീസണിലും 400 റൺസോളം നേടിയിട്ടും എന്നെ പരിഗണിക്കുന്നില്ല. എനിക്കതിൽ വിരോധമൊന്നുമില്ല, അടുത്ത സീസണിൽ 600 റൺസെങ്കിലും നേടി സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഞാൻ ശ്രമിക്കും. ശ്രീലങ്കൻ പരമ്പരയിൽ തിളങ്ങാൻ കഴിയാതെ പോയതിൽ ചില ഒഴിവുകഴിവുകൾ വേണമെങ്കിൽ പറയാം, എങ്കിലും ഞാൻ ഇപ്പോൾ അതിനു മുതിരുന്നില്ല. എന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കും എന്നും റാണ വ്യക്തമാക്കി.

ഇടംകൈയ്യൻ ബാറ്റർമാർക്ക്‌ പഞ്ഞം നേരിടുന്ന ഇന്ത്യൻ ടീമിൽ തനിക്ക് ഒരു അവസരം പെട്ടെന്നുതന്നെ കിട്ടുമെന്ന് റാണക്കറിയാം. ഒരു പാർട്ട് ടൈം ബോളർ കൂടിയായത് കൊണ്ട് ഇഷൻ കിഷനെ അപേക്ഷിച്ച് ടീമിനായി കൂടുതൽ സംഭാവന നൽകാൻ റാണക്ക് സാധിക്കും. “ഒന്നും എന്റെ കയ്യിലല്ലല്ലോ, എങ്കിലും എന്റെ കഴിവിന്റെ നൂറ് ശതമാനവും ഞാൻ പരിശ്രമിക്കും” എന്നും ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ നിതീഷ് റാണ വ്യക്തമാക്കി.