ഹൈദരാബാദ് ഡഗൗട്ട് അടിച്ചുത്തകർത്ത് നിതീഷ് റാണ ; ഓടിയൊളിച്ച് എസ്ആർഎച്ച് താരങ്ങൾ

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്നുക്കൊണ്ടിരിക്കുന്ന ഐപിഎൽ മത്സരത്തിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ (കെകെആർ) ബാറ്റർ നിതീഷ് റാണ സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്) ഡഗൗട്ടിൽ ഉണ്ടായിരുന്ന റഫ്രിജറേറ്ററിന്റെ ചില്ല് തകർത്തു.

കെകെആർ ബാറ്റിംഗിനിടെയാണ് ഹൈദരാബാദ് താരങ്ങൾക്ക് അരികിൽ ഉണ്ടായിരുന്ന റഫ്രിജറേറ്ററിന്റെ ചില്ല് തകർക്കപ്പെട്ടത്.നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയത് കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ആണ്. എന്നാൽ, അജിങ്ക്യ രഹാനെയ്ക്ക് പകരക്കാരനായി ഓപ്പണർ റോളിൽ എത്തിയ ആരോൺ ഫിഞ്ച് 5 പന്തിൽ 7 റൺസെടുത്ത് പുറത്തായത് കെകെആറിനെ തുടക്കത്തിൽ തന്നെ തിരിച്ചടി നൽകി. തുടർന്ന്, വെങ്കിട്ടേഷ് അയ്യരും (6) അതിവേഗം കൂടാരം കയറി.

അതിന് പിന്നാലെ, സുനിൽ നരെയ്‌ന് ബാറ്റിംഗ് ലൈനപ്പിൽ നൽകിയ പ്രമോഷനും ഫലിച്ചില്ല. 25 പന്തിൽ 28 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ നന്നായി കളിച്ചെങ്കിലും ഉംറാൻ മാലിക്കിന്റെ ഒരു യോർക്കർ കെകെആർ ക്യാപ്റ്റന്റെ പോരാട്ടം അവസാനിപ്പിച്ചു. ശേഷം, നിതീഷ് റാണ ക്രീസിൽ എത്തുകയും കത്തിക്കയറുകയും ചെയ്തു.

ഉമ്രാൻ മാലിക്കിന്റെ വേഗമേറിയ ഒരു ഫുൾ ലെങ്ത് ഡെലിവറി, തേർഡ് മാനിലേക്ക് സിക്സ് പറത്തിയതോടെയാണ് അപകടം സംഭവിച്ചത്. നിതീഷ് റാണയുടെ ഷോട്ടിന്റെ ഫലമായി എസ്ആർഎച്ച് ഡഗൗട്ടിൽ സൂക്ഷിച്ചിരുന്ന റഫ്രിജറേറ്ററിലേക്ക് പന്ത് ഇടിച്ച് ഗ്ലാസ് തകർന്നു. ഡഗൗട്ടിലെ റഫ്രിജറേറ്ററിന് അരികിൽ ഉണ്ടായിരുന്ന കളിക്കാർ ചില്ല് ദേഹത്തേക്ക് തെറിക്കുന്നതിൽ രക്ഷ നേടുന്നതിനായി ഓടി മാറി.

Rate this post