ഇത് രോഹിത് റിവ്യൂ സിസ്റ്റം!! സൂപ്പർ റിവ്യൂവുമായി ക്യാപ്റ്റൻ!!

കാര്യവട്ടം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കെതിരെ തകർപ്പൻ ജയം ആണ് ഇന്ത്യ നേടിയത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 8 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ബൗളർമാരാണ് തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എന്നാൽ, മത്സരത്തിന്റെ തുടക്കം മുതൽ ക്യാപ്റ്റൻ രോഹിത് ശർമ എടുത്ത തീരുമാനങ്ങളും ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചു.

മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ചവച്ചത്. ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ ദീപക് ചാഹർ തുടക്കമിട്ട വിക്കറ്റ് വേട്ട, രണ്ടാം ഓവർ എറിയാൻ എത്തിയ അർഷദീപ് സിംഗ് ഏറ്റെടുത്തതോടെ, തിരുവനന്തപുരത്തിന്റെ മണ്ണിൽ ദക്ഷിണാഫ്രിക്ക തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 2.3 ഓവറിൽ 9-5 എന്ന നിലയിൽ കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്കയ്ക്ക്, ഐഡൻ മാർക്രം (25), വെയ്ൻ പാർനൽ (24), കേശവ് മഹാരാജ് (41) എന്നിവരുടെ ചെറുത്തുനിൽപ്പാണ് ആശ്വാസമായത്.

എന്നാൽ, ഇന്നിംഗ്സിന്റെ 8-ാം ഓവറിലെ അവസാന ബോളിൽ ഹർഷൽ പട്ടേലിന്റെ ഡെലിവറി ഐഡൻ മാർക്രത്തിന്റെ പാഡിൽ തട്ടുകയും, ഉടൻ ഹർഷൽ പട്ടേൽ വിക്കറ്റിനായി അപ്പീൽ ചെയ്യുകയും ചെയ്തെങ്കിലും, ഫീൽഡ് അമ്പയർ നിതിൻ മേനോൻ വിക്കറ്റ് നൽകിയില്ല. എന്നാൽ, യാതൊരു താമസവും വരുത്താതെ, ക്യാപ്റ്റൻ രോഹിത് ശർമ ഉടൻ അമ്പയറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകി. തേർഡ് അമ്പയർ റിപ്ലൈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, ഇന്ത്യൻ താരങ്ങളുടെ അപ്പിൽ ശരിവെക്കുകയും വിക്കറ്റ് നൽകുകയും ചെയ്തു.

അപകടകാരിയായ ഐഡൻ മാർക്രത്തെ പുറത്താക്കാൻ കഴിഞ്ഞത് ക്യാപ്റ്റൻ രോഹിത് ശർമയുടെ ഉചിതമായ തീരുമാനത്തിൽ ആയിരുന്നു. മത്സരത്തിൽ, ഇന്ത്യക്കായി ഓപ്പണർ കെ എൽ രാഹുലും (51) സൂര്യകുമാർ യാദവും (50) അർദ്ധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷദീപ് സിങ്ങിനെ ആണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.