ഇരുപതാം വയസ്സിൽ അരങ്ങേറ്റം, ഇരുപത്തഞ്ചാം വയസ്സിൽ പടിയിറക്കം..!! സംഭവബഹുലമായ ഇന്ത്യൻ പേസറുടെ കരിയർ ഇങ്ങനെ

2004-ൽ ബംഗ്ലാദേശിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ, 24.75 ശരാശരിയിൽ എട്ട് വിക്കറ്റ് വീഴ്ത്തുകയും, ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ ബൗൾ ചെയ്യുകയും ചെയ്‌താണ് ഇടംകൈയ്യൻ പേസർ രുദ്ര പ്രതാപ് സിംഗ്, അഥവാ ആർപി സിംഗ് എന്ന പേര് ആദ്യമായി വാർത്ത തലക്കെട്ടുകളിൽ ഇടം നേടുന്നത്. തുടർന്ന്, 2003-04 രഞ്ജി ട്രോഫിയിൽ ഉത്തർ പ്രദേശിന് വേണ്ടി ആറ് മത്സരങ്ങളിൽ നിന്ന് 34 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. ഇതോടെ, 2005-ൽ ആർപി സിംഗിന് ഇന്ത്യയുടെ ഏകദിന ടീമിലേക്കുള്ള കോൾ-അപ്പ് ലഭിച്ചു.

വലംകൈയ്യൻ ബാറ്റ്സ്മാന്മാരെ കുഴക്കുന്ന ഇൻസ്വിംഗ് ആയിരുന്നു ആർപി സിംഗിന്റെ കൈമുതൽ. ഇന്ത്യക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ, സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി ഇടംകൈയ്യൻ പേസർ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തന്റെ വരവറിയിച്ചു. തുടർന്ന്, തന്റെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ നാല് വിക്കറ്റുകളും മാൻ ഓഫ് ദ മാച്ച് അവാർഡും നേടിയ ആർപി സിംഗ്, നാലാമത്തെ മത്സരത്തിൽ മൂന്ന് വിക്കറ്റുകളും നേടി.

ഇതോടെ, ഇന്ത്യൻ ടീമിൽ അദ്ദേഹം തന്റെ ആധിപത്യം ഉറപ്പിക്കും എന്ന് തോന്നിപ്പിച്ചെങ്കിലും, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, അടുത്ത നാല് മത്സരങ്ങളിലും ആർപി സിംഗിന് വിക്കറ്റുകൾ നേടാനായില്ല. അതോടെ ഏകദിന ടീമിൽ നിന്ന് അദ്ദേഹത്തിന് തന്റെ സ്ഥാനം നഷ്ടമായി. എന്നാൽ, 2006-ൽ ഫൈസലാബാദിൽ നടന്ന പാകിസ്ഥാനെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റ്‌ മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ആർപി സിംഗ്, ആ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായി.എന്നാൽ, ഏകദിന അരങ്ങേറ്റത്തിന് സമാനമായി ടെസ്റ്റിലും മികച്ച അരങ്ങേറ്റം ലഭിച്ചെങ്കിലും, ആ പ്രകടനം നിലനിർത്താൻ അദ്ദേഹത്തിനായില്ല.

2007-08 സീസണിൽ തന്റെ ഏറ്റവും മികച്ച പ്രകടനത്തിൽ തിരിച്ചെത്തിയ ആർപി സിംഗ്, പിന്നീട് പതിയെ മങ്ങി തുടങ്ങി. ടെസ്റ്റ്‌ ക്രിക്കറ്റിൽ ബൗളിംഗ് ഓപ്പൺ ചെയ്തിരുന്ന ആർപി സിംഗിന്റെ ശരാശരി വേഗത 120 കി.മി ആയി. ഒടുവിൽ ആ സമയത്ത് ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന എംഎസ് ധോണിയുമായുള്ള അടുപ്പത്തിന്റെ പുറത്താണ് ആർപി സിംഗ് ഇപ്പോഴും ഇന്ത്യൻ ടീമിൽ തുടരുന്നത് എന്ന് സുനിൽ ഗവാസ്‌കർ ഉൾപ്പടെയുള്ള താരങ്ങൾ വിമർശിച്ചു. 2011-ലാണ് ഉത്തർ പ്രദേശ് പേസർ അവസാനമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്.