ചെന്നൈയെ തകർത്ത അരങ്ങേറ്റകാരൻ 😱😱യുവ താരം ആരെന്ന് അറിയാം

ഐപിഎൽ 2022 സീസണിലെ 11-ാം മത്സരത്തിൽ പഞ്ചാബ് കിങ്സിനായി യുവതാരം വൈഭവ് അറോറ തന്റെ കന്നി ഐപിഎൽ ക്യാപ്പ് സ്വീകരിച്ചു. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് ഹിമാചൽ പ്രദേശ് സ്വദേശിയായ വൈഭവ് അറോറ തന്റെ ഐപിഎൽ അരങ്ങേറ്റം നടത്തിയത്.

പഞ്ചാബ് കിംഗ്സിന്റെ മറ്റൊരു ഹിമാചൽ പ്രദേശ് താരമായ രാജ് ബാവയ്ക്ക് പകരക്കാരനായാണ് വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറായ അറോറ പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവനിൽ ഇടംനേടിയത്.ഐ‌പി‌എൽ 2022 മെഗാ ലേലത്തിൽ, 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവ് അറോറയെ പഞ്ചാബ് കിംഗ്‌സ് 2 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 1997 ഡിസംബർ 14 ന് ജനിച്ച അറോറ വലംകൈയ്യൻ പേസ് ബൗളറായി ഹിമാചൽ പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 2021 ജനുവരിയിൽ വഡോദരയ്‌ക്കെതിരെയാണ് വൈഭവ് തന്റെ ടി20 അരങ്ങേറ്റം കുറിച്ചത്.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പുരോഗമിക്കുന്ന മത്സരത്തിൽ, 4 ഓവറിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി ഗംഭീര അരങ്ങേറ്റമാണ് വൈഭവ് അറോറ നടത്തിയിരിക്കുന്നത്. മത്സരത്തിൽ, സിഎസ്കെ ഓപ്പണർ റോബിൻ ഉത്തപ്പ (13), മൊയീൻ അലി (0) എന്നിവരുടെ വിക്കറ്റുകളാണ് അറോറ വീഴ്ത്തിയത്. ഉത്തപ്പയെ ക്യാപ്റ്റൻ മായങ്ക് അഗർവാളിന്റെ കൈകളിൽ എത്തിച്ച അറോറ, മൊയീൻ അലിയെ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു.

നേരത്തെ, ആകെ 12 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള വൈഭവ് അറോറ 12 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. കൂടാതെ, 8 ഫസ്റ്റ് ക്ലാസ്സ്‌ മത്സരങ്ങൾ കളിച്ചിട്ടുള്ള വലംകൈയ്യൻ പേസർ 29 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 5 ലിസ്റ്റ് എ ക്രിക്കറ്റ്‌ മത്സരങ്ങൾ കളിച്ചു പരിചയമുള്ള അറോറ 8 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.