ഇന്ത്യക്കെതിരെ സിക്സ് അടിച്ചു ലേലത്തിൽ കോടികൾ നേടി 😱വിൻഡീസ് സൂപ്പർ താരം പഞ്ചാബ് ടീമിൽ

2022 ഐപിഎൽ മെഗാതാരലേലം രണ്ടാം ദിനം പുരോഗമിക്കുമ്പോൾ, രണ്ടാം സെറ്റ് ഓൾറൗണ്ടർമാരുടെ പട്ടിക പൂർത്തിയായി. പ്രതീക്ഷിച്ചത് പോലെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ വലിയ തുകയ്ക്ക് ബിഡ് ചെയ്യപ്പെട്ടു. 1 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇംഗ്ലണ്ട് ഓൾറൗണ്ടറെ 11.5 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ആണ് സ്വന്തമാക്കിയത്. കോൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഗുജറാത്ത്‌ ഫ്രാഞ്ചൈസികളും താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നെങ്കിലും, പഞ്ചാബ് അവസാനം വരെ പൊരുതി നിന്നു.

ഓൾറൗണ്ടർമാരുടെ പട്ടികയിലെ മറ്റൊരു വിദേശ ഓൾറൗണ്ടർ ആയ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഒഡിയൻ സ്മിത്തിനെ 6 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് തന്നെ സ്വന്തമാക്കി. 1 കോടി അടിസ്ഥാന വിലയുള്ള വെടിക്കെട്ട് ബാറ്റർ കൂടിയായ സ്മിത്തിന് വലിയ വില ലഭിക്കുമെന്ന് നേരത്തെ പ്രവചനങ്ങൾ ഉണ്ടായിരുന്നു. താരത്തിന് വേണ്ടി, പഞ്ചാബിനൊപ്പം ലഖ്നൗ, ഹൈദരാബാദ്, രാജസ്ഥാൻ ഫ്രാഞ്ചൈസികൾ രംഗത്തുണ്ടായിരുന്നു.

ഇന്ത്യൻ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചത് മുൻ രാജസ്ഥാൻ ഓൾറൗണ്ടർ ആയിരുന്ന ശിവം ഡ്യൂബെ ആണ്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പർ കിംഗ്സ് 4 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. താരത്തിനായി രംഗത്ത് വന്ന ലഖ്നൗ, രാജസ്ഥാൻ, പഞ്ചാബ് ടീമുകളെ മറികടന്നാണ് ചെന്നൈ ഡ്യൂബെയെ സ്വന്തമാക്കിയത്. മധ്യനിരയിൽ ബാറ്റ് ചെയ്യാൻ കെൽപ്പുള്ള ഡ്യൂബെ, മീഡിയം പേസ് ബൗളർ കൂടിയാണ്.

എന്നാൽ, ഈ സെറ്റിൽ ഏറ്റവും അപ്രതീക്ഷിതമായത് ഇന്ത്യൻ ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതമിനെ ലഖ്നൗ സൂപ്പർ ജിയന്റ്സ്‌ 90 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയതാണ്. കഴിഞ്ഞ സീസണിൽ ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായി 9.5 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ താരമാണ് ഗൗതം. ഇത്തവണ ഗൗതമിന് വേണ്ടി ഗുജറാത്ത്‌ മാത്രമാണ് ലഖ്നൗവിന് ഒപ്പം രംഗത്തെത്തിയത്.