കൗണ്ടിയിൽ ക്യാപ്റ്റനായി അരങ്ങേറ്റം!!സെഞ്ച്വറി!!വീണ്ടും സൂപ്പർ നേട്ടവുമായി പൂജാര

ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിൽ വീണ്ടും തിളങ്ങി ഇന്ത്യൻ ബാറ്റർ ചേതേശ്വർ പൂജാര. കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ 2 ടീമായ സസെക്സിന്റെ താരമായ ചേതേശ്വർ പൂജാര, പുരോഗമിക്കുന്ന മിഡിൽസെക്സിനെതിരെയായ മത്സരത്തിൽ സെഞ്ച്വറി നേടി. ഇന്നലെ (ജൂലൈ 19) ലോർഡ്സിൽ ആരംഭിച്ച ടെസ്റ്റ്‌ മത്സരത്തിൽ സസെക്സിന്റെ ക്യാപ്റ്റൻ ചുമതലയും പൂജാരക്കായിരുന്നു. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ സസെക്സിനെ ക്യാപ്റ്റൻ പൂജാര ബാറ്റിംഗിൽ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു.

ഓപ്പണർ ബാറ്റർമാരായ, അലിസ്റ്റയർ ഓർ (7), ടോം ക്ലാർക് (33) എന്നിവരെ നഷ്ടമായ സസെക്സിന് ടോം അസ്ലോപിന്റെയും (135), പൂജാരയുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് സസെക്സിനെ വലിയ സ്കോറിലേക്ക് നയിച്ചത്. 182 ബോളിൽ 10 ഫോറും ഒരു സിക്സും സഹിതം 115* റൺസുമായി പൂജാര ക്രീസിൽ തുടരുകയാണ്.

ഈ സീസണിൽ സസെക്സിനായി പൂജാര നേടുന്ന 5-ാം സെഞ്ച്വറി ആണിത്. ദേശീയ ക്രിക്കറ്റിൽ ഫോം നഷ്ടമായ പൂജാര, ഫോം വീണ്ടെടുക്കുന്നതിനു വേണ്ടിയാണ് കൗണ്ടിൽ ക്രിക്കറ്റിൽ കോൺട്രാക്ട് സൈൻ ചെയ്തത്. ഇപ്പോൾ, മികച്ച ഫോമിലാണ് പൂജാര ഇംഗ്ലീഷ് മണ്ണിൽ കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഒരു അർദ്ധ സെഞ്ചുറിയും പൂജാര നേടിയിരുന്നു.

മിഡിൽസെക്സിനെതിരെ സസെക്സിനായി പൂജാര നേടിയ സെഞ്ച്വറി, അദ്ദേഹത്തിന്റെ 55-ാം ഫസ്റ്റ് ക്ലാസ്സ്‌ സെഞ്ച്വറി ആണ്. മാത്രമല്ല, ക്രിക്കറ്റിന്റെ മക്ക എന്ന് അറിയപ്പെടുന്ന ലോഡ്സ് ഗ്രൗണ്ടിൽ ഇന്ത്യൻ വെറ്റെറൻ ബാറ്റർ നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്. മത്സരത്തിലേക്ക് വന്നാൽ, ഒന്നാം ദിനം അവസാനിക്കുമ്പോൾ സസെക്സ്‌, 4 വിക്കറ്റ് നഷ്ടത്തിൽ 328 റൺസ് എന്ന നിലയിലാണ്.