ഏഴ് ഫോർ രണ്ട് സിക്സ്!! വെടികെട്ട് സെഞ്ച്വറിയുമായി പൂജാര | റോയൽ ലണ്ടൻ കപ്പ്

റോയൽ ലണ്ടൻ വൺ ഡേ കപ്പിൽ സെഞ്ച്വറി നേട്ടവുമായി തിളങ്ങി ഇന്ത്യൻ ബാറ്റർ ചേതേശ്വർ പൂജാര. കഴിഞ്ഞ ദിവസം നടന്ന, വാർവിക്ഷയർ – സസക്സ് മത്സരത്തിലാണ് സസക്സ് ക്യാപ്റ്റനായ പൂജാര സെഞ്ച്വറി നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സസക്സ് മത്സരത്തിൽ വിജയം നേടും എന്ന് തോന്നിപ്പിച്ചെങ്കിലും, അവസാന നിമിഷം 4 റൺസ് അകലെ വരെ എത്താനെ സസക്സിന് സാധിച്ചുള്ളൂ.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വാർവിക്ഷയർ, ഓപ്പണർ റോബർട്ട്‌ യാട്സ് (114), ക്യാപ്റ്റൻ വിൽ റോഡ്സ്‌ (76), വിക്കറ്റ് കീപ്പർ മൈക്കിൾ ബർഗസ് (58) എന്നിവരുടെ ബാറ്റിംഗ് മികവിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് നേടി. മത്സരത്തിൽ, സസക്സിനായി അരിസ്റ്റീഡ്സ്‌ കാർവീൽസ്‌, ബ്രാഡ്ലി കറി എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സസക്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. രണ്ടാം വിക്കറ്റിൽ ഓപ്പണർ അലിസ്റ്റയ്ർ ഓർ (81), ടോം ക്ലാർക് (30) എന്നിവർ ചേർന്ന് 77 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. തുടർന്ന്, ടോം ക്ലാർക്കിന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് നാലാമനായി ക്യാപ്റ്റൻ ചേതേശ്വർ പൂജാര ക്രീസിൽ എത്തുന്നത്. മൂന്നാം വിക്കറ്റിൽ പൂജാര അലിസ്റ്റയ്ർ ഓറുമായി ചേർന്ന് 70 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു.

എന്നാൽ, അലിസ്റ്റയ്ർ ഓറിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ, തുടർന്ന് ക്രീസിൽ എത്തിയ ആർക്കും അധിക നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. അതേസമയം ഒരുവശത്ത് പൂജാര തന്റെ ഒറ്റയാൾ പോരാട്ടം തുടർന്നു. 73 പന്തിൽ സെഞ്ച്വറി തികച്ചു പൂജാര, ഇന്നിംഗ്സിന്റെ 49-ാം ഓവറിൽ പുറത്താകുമ്പോൾ, 79 പന്തിൽ 7 ഫോറും 2 സിക്സും സഹിതം 135.44 സ്ട്രൈക്ക് റേറ്റിൽ 107 റൺസ് ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. മത്സരത്തിൽ, സസക്സിന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.