ഞാനുമുണ്ട് ഐപിൽ കളിക്കാൻ!!! സിക്സുകൾ അടിച്ചുപറത്തി പൂജാര വെടികെട്ട്

ചെതേശ്വർ പൂജാര എന്ന പേര് കേൾക്കുമ്പോഴേ, പൂജാര വെള്ളക്കുപ്പായം അണിഞ്ഞ് ടെസ്റ്റ് കളിക്കുന്ന ചിത്രമാണ് ക്രിക്കറ്റ് ആരാധകരുടെ മനസ്സിലേക്ക് ആദ്യം വരിക. അതിന്റെ കാരണം, തന്റെ കരിയറിൽ 96 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുള്ള പൂജാര, ആകെ 5 ഏകദിനങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത് എന്ന് തന്നെയാണ്. എന്നാൽ, തനിക്ക് ടെസ്റ്റിൽ മാത്രമല്ല ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിലും തിളങ്ങാൻ സാധിക്കും എന്ന് പല വേളകളിൽ പൂജാര തെളിയിച്ചിട്ടുണ്ട്.

ഇപ്പോൾ, സയ്ദ് മുസ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്ര താരമായ പൂജാര ടി20 ഫോർമാറ്റിലും തനിക്ക് മികവുപുലർത്താൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ്. ടെസ്റ്റ് ഫോർമാറ്റിലെ ഡിഫൻഡിങ് ശൈലി മാത്രമല്ല, കുട്ടി ഫോർമാറ്റിലെ ആ ക്രമണ ശൈലിയും തനിക്ക് വഴങ്ങും എന്ന് പൂജാര നാഗാലാൻഡിനെതിരായ മത്സരത്തിലൂടെ വീണ്ടും ബോധ്യപ്പെടുത്തി. കഴിഞ്ഞദിവസം നടന്ന സൗരാഷ്ട്ര – നാഗാലാൻഡ് മത്സരത്തിൽ, 35 പന്തിൽ 62 റൺസ് ആണ് പൂജാര നേടിയത്.

ഓപ്പണർ ആയി ക്രീസിൽ എത്തിയ പൂജാര, 35 പന്തിൽ 9 ഫോറും 2 സിക്സും സഹിതം 177.14 സ്ട്രൈക്ക് റേറ്റോടെ ആണ് 62 റൺസ് നേടിയത്. മത്സരത്തിൽ, സൗരാഷ്ട്രക്കായി സമർത്ത് വ്യാസ്‌ (97*) റൺസ് കൂടി നേടിയതോടെ, ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ നാഗാലാൻഡിന് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

ഇതോടെ സൗരാഷ്ട്ര മത്സരത്തിൽ 97 റൺസിന്റെ വലിയ വിജയം കൈവരിച്ചു. ജയ്ദേവ് ഉനദ്കട്ട് നായകനായ സൗരാഷ്ട്രയുടെ സീനിയർ ബാറ്റർ ആണ് ചേതേശ്വർ പൂജാര. ലഭിക്കുന്ന അവസരങ്ങളിൽ മികവ് കാട്ടി ദേശീയ ടീമിൽ തന്റെ ഇടം കൂടുതൽ കാലത്തേക്ക് ഉറപ്പിക്കാൻ ആണ് 34-കാരൻ ലക്ഷ്യമിടുന്നത്. ടി20 ടൂർണമെന്റ് ആയ സയ്ദ് മുസ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിലൂടെ വരുന്ന ഐപിഎൽ താര ലേലത്തിൽ ഫ്രാഞ്ചൈസികളെ ആകർഷിക്കുക എന്ന ആഗ്രഹം കൂടി പൂജാരക്ക് ഉണ്ടായേക്കാം