ദക്ഷിണാഫ്രിക്കക്ക്‌ 5 റൺസ് സമ്മാനിച്ച് അമ്പയർ ; കാരണം എന്താണെന്ന് അറിയേണ്ടേ

പുരോഗമിക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോൾ, രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 57/2 എന്ന നിലയിലാണ്. നിലവിൽ 8 വിക്കറ്റ് ശേഷിക്കേ 70 റൺസ് ലീഡ് നേടിയ ഇന്ത്യക്ക്‌ വേണ്ടി മൂന്നാം ദിനം ചേതേശ്വർ പൂജാര (9), വിരാട് കോഹ്‌ലി (14) എന്നിവർ ബാറ്റിംഗ് പുനരാരംഭിക്കും. കെഎൽ രാഹുൽ (10), മായങ്ക് അഗർവാൾ (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക്‌ രണ്ടാം ഇന്നിംഗ്സിൽ നഷ്ടമായത്.

എന്നാൽ, ഇന്ത്യൻ ഫീൽഡർമാരുടെ അബദ്ധതിന് പിഴയായി ദക്ഷിണാഫ്രിക്കക്ക്‌ ഒന്നാം ഇന്നിംഗ്സിൽ അമ്പയർ സമ്മാനിച്ച 5 റൺസാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചാവിഷയം. ദക്ഷിണാഫ്രിക്കൻ ബാറ്റർ ബാവുമയ്ക്ക് നേരെ ഓഫ് സ്റ്റമ്പിന് പുറത്തേക്ക് ഷാർദുൽ താക്കൂർ എറിഞ്ഞ ഒരു ഷോർട്ട് ബോൾ, ബാവുമയുടെ ബാറ്റിൽ എഡ്ജ് ചെയ്ത് സ്ലിപ്പിലേക്ക് പോവുകയായിരുന്നു. സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന ചേതേശ്വർ പൂജാര ക്യാച്ച് എടുക്കുന്നതിനായി ഡൈവ് ചെയ്തെങ്കിലും, അദ്ദേഹത്തിന് പന്ത് തന്റെ കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ല.

അതോടെ, പൂജാരയുടെ കൈകളിൽ നിന്ന് വഴുതിയ പന്ത്, വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പിന്നിൽ കിടന്നിരുന്ന ഹെൽമെറ്റിൽ തട്ടുകയായിരുന്നു. ഇതിന് പെനാൽറ്റിയായി ഫീൽഡ് അമ്പയർ ദക്ഷിണാഫ്രിക്കയ്ക്ക് 5 റൺസ് സമ്മാനിക്കുകയും ചെയ്തു. എന്നാൽ, തനിക്ക് ലഭിച്ച ലൈഫ്ലൈൻ ബാവുമയ്ക്ക് മുതലെടുക്കാൻ കഴിഞ്ഞില്ല. 28 റൺസ് എടുത്ത ബാവുമ മുഹമ്മദ്‌ ഷമിയുടെ പന്തിൽ വിരാട് കോഹ്ലിയുടെ ഒരു തകർപ്പൻ ക്യാച്ചിൽ പുറത്താവുകയായിരുന്നു.

1-1 ന് സമനിലയിലായ പരമ്പരയിലെ അവസാന മത്സരമായതിനാൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേപ് ടൗൺ ടെസ്റ്റ് ഇരു ടീമുകൾക്കും നിർണ്ണായകമാണ്. ഇരു ടീമുകളും അനുകൂല ഫലം നേടാനുള്ള പോരാട്ടത്തിലാണ്. റെയിൻബോ രാഷ്ട്രങ്ങളിൽ ഇന്ത്യ ഇതുവരെ ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ലാത്ത ഏക രാജ്യമാണ് ദക്ഷിണാഫ്രിക്ക എന്ന വസ്തുത നിലനിൽക്കുന്നതിനാൽ, ഈ മത്സരം വിജയിച്ചാൽ അത് വിരാട് കോഹ്‌ലിയുടെ കീഴിൽ ഇന്ത്യ പുതുചരിത്രം രചിക്കുന്നതിലേക്ക് വഴിയൊരുക്കും.