ടെസ്റ്റ്‌ ടീമിൽ നിന്നും പുറത്ത് ഇന്ത്യ വിട്ട് ചേതേശ്വർ പൂജാര ; സൈനിംഗ് സ്ഥിരീകരിച്ച് ഇംഗ്ലീഷ് കൗണ്ടി ക്ലബ്‌

ഇന്ത്യൻ ബാറ്റർ ചേതേശ്വർ പൂജാര ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ്‌ ടീം സസെക്സിൽ ചേരാൻ ഒരുങ്ങുന്നു. ഈ സീസണിലെ ഭൂരിഭാഗം കൗണ്ടി ചാമ്പ്യൻഷിപ്പിലും റോയൽ ലണ്ടൻ ഏകദിന മത്സരത്തിലും പൂജാര കളിക്കും. തന്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതിനാലും ഓസ്ട്രേലിയൻ ടീമിനൊപ്പമുള്ള ജോലിഭാരം കാരണവും കരാറിൽ നിന്ന് റിലീസായ ട്രാവിസ് ഹെഡിന് പകരമാണ് പൂജാര സസെക്സിൽ എത്തുന്നത്.

ഏപ്രിൽ 7 ന് നടക്കുന്ന സീസണിലെ ആദ്യ കൗണ്ടി മത്സരത്തിന് മുമ്പ് പൂജാര ടീമിനോടൊപ്പം ചേരുമെന്നും ഏകദിന ടൂർണമെന്റിന്റെ അവസാനം വരെ തുടരുമെന്നും സസെക്സ്‌ മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യൻ ടീമിനോപ്പം മോശം ഫോം തുടരുന്ന പൂജാരയെ 2021-22 ലെ ബിസിസിഐയുടെ കരാർ പട്ടികയിൽ ഗ്രേഡ് A+ ൽ നിന്ന് ബി ഗ്രേഡിലേക്ക് തരംതാഴ്ത്തുകയും ശ്രീലങ്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതിന് പിന്നാലെയാണ് കൗണ്ടി കരാറിൽ സൈൻ ചെയ്ത വാർത്ത പുറത്തുവരുന്നത്.

2018-19 ഓസ്‌ട്രേലിയൻ പര്യടനത്തിൽ അവസാന ടെസ്റ്റ് സെഞ്ച്വറി നേടിയ പൂജാര, ടെസ്റ്റിൽ വലിയ സ്‌കോറുകൾ നേടാത്തതിന്റെ പേരിൽ കുറച്ചുകാലമായി വിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ തുടർച്ചയായ ടെസ്റ്റുകളിൽ ഡക്ക് ഉൾപ്പെടെയുള്ള പൂജാരയുടെ സമീപകാല ടെസ്റ്റ് സ്കോറുകൾ അദ്ദേഹത്തിന്റെ മോശം ഫോമിനെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ, കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാണ് പൂജാര ലക്ഷ്യമിടുന്നത്.

പൂജാരക്കൊപ്പം പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനേയും സസെക്സ്‌ സൈൻ ചെയ്തിട്ടുണ്ട്. എന്നാൽ, അന്താരാഷ്ട്ര പ്രതിബദ്ധതകളാൽ ക്ലബിലെ മുഹമ്മദ് റിസ്‌വാന്റെ സ്പെൽ കുറയുമെന്ന് അറിഞ്ഞതിന് ശേഷം ഓസ്‌ട്രേലിയ വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഫിലിപ്പിനെ സൈനിംഗ് ചെയ്യുന്നതായും സസെക്‌സ് പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാൻ ലെഗ്സ്പിന്നർ റാഷിദ് ഖാൻ ഈ സീസണിൽ ടി20 ബ്ലാസ്റ്റിൽ തിരിച്ചെത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു.